COVID-19 പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ വിവിധ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് വാണിജ്യ, വിനോദവ്യവസായ മന്ത്രാലയം വ്യക്തമാക്കി. സിനിമ ശാലകൾ, ബാർബർ ഷോപ്പുകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ എന്നിവ തുറക്കുന്നത് തീരുമാനിച്ചിട്ടില്ല എന്നും, ഇവയ്ക്ക് നിലവിൽ പ്രവർത്തനാനുമതിയില്ലെന്നും അധികൃതർ അറിയിച്ചു. ഇത്തരം മേഖലകളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ, ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് വരെ, തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിലവിൽ ബഹ്‌റൈനിൽ പ്രവർത്തനാനുമതിയില്ലാത്ത വാണിജ്യ മേഖലകൾ
- സിനിമാശാലകൾ, വിവാഹ ഹാളുകൾ, വിവിധ ചടങ്ങുകൾക്കായുള്ള ഹാളുകൾ.
- ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, മസാജ് കേന്ദ്രങ്ങൾ.
- ഫിറ്റ്നസ് കേന്ദ്രങ്ങൾ, ജിം, നീന്തൽ കുളങ്ങൾ, വിനോദകേന്ദ്രങ്ങൾ
ബാർബർ ഷോപ്പുകൾക്കോ, ബ്യൂട്ടി പാർലറുകൾക്കോ വീടുകളിൽ സന്ദർശിച്ച് സേവനങ്ങൾ നൽകുന്നതിനും നിലവിൽ അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഹോട്ടലുകൾ, റെസ്ടാറന്റുകൾ മുതലായവയിൽ പാർസൽ സേവനങ്ങൾക്ക് മാത്രമേ അനുവാദം നൽകിയിട്ടുള്ളൂ എന്നും മന്ത്രാലയം ഓർമിപ്പിച്ചു.