ബഹ്‌റൈൻ: COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകാൻ തീരുമാനം

GCC News

ബഹ്‌റൈനിൽ നിലവിൽ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. നവംബർ 3-നാണ് ആരോഗ്യ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്.

ഈ തീരുമാനത്തിന്റെ ഭാഗമായി, രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വാക്സിൻ നൽകുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നവംബർ 3 മുതൽ സന്നദ്ധത അറിയിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ്.

രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊറോണ വൈറസ് ബാധയേൽക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്, അവർ സന്നദ്ധത അറിയിക്കുന്ന പക്ഷം, വാക്സിൻ കുത്തിവെപ്പ് നൽകാൻ മന്ത്രാലയം തീരുമാനിച്ചത്. രാജ്യത്തെ നിയമങ്ങളും, ചട്ടങ്ങളും പാലിച്ചാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഫയ്ഖ ബിൻത് സയീദ് അൽ സലേഹ് വ്യക്തമാക്കിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ CNBG-യും, അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്‌റൈനിൽ ഓഗസ്റ്റ് 10 മുതൽ നടത്തി വരുന്നത്. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്. ബഹ്‌റൈനിൽ ഈ പരീക്ഷണങ്ങൾ ആരംഭിച്ച് കേവലം എട്ട് ആഴ്ച്ചകൾക്കുള്ളിൽ 7700 സന്നദ്ധസേവകർ വാക്സിൻ സ്വീകരിച്ചിരുന്നു. സെപ്റ്റംബർ മുതൽ ഇതേ വാക്സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.