രാജ്യത്തെ ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. ഇതുവരെ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പുതുവർഷാഘോഷപരിപാടികളാണ് 2022 ഡിസംബർ 31-ന് ഒരുക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ നാല് ഇടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ ഒരുക്കുമെന്ന് ടൂറിസം അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അവെന്യൂസ് പാർക്ക്, മരാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടിങ്ങളിലാണ് കരിമരുന്ന് പ്രദർശനങ്ങൾ ഒരുക്കുന്നത്. അവെന്യൂസ് പാർക്കിൽ ഒരുക്കുന്ന പ്രത്യേക ആഘോഷപരിപാടികളിൽ പങ്കെടുത്ത് കൊണ്ട് പ്രവാസികൾക്കും, പൗരന്മാർക്കും, സന്ദർശകർക്കും 2023-നെ വരവേൽക്കാമെന്ന് ടൂറിസം അതോറിറ്റി അറിയിച്ചു.
2022 ഡിസംബർ 31-ന് രാത്രി 10 മണി മുതൽ അവെന്യൂസ് പാർക്കിൽ പ്രത്യേക ഡ്രോൺ ഷോ, തത്സമയമുള്ള കലാപരിപാടികൾ, ഡി ജെ എന്നിവ സംഘടിപ്പിക്കുന്നതാണ്. മരാസി ബീച്ചിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഫയർ ഡാൻസ്, സാൻഡ് ആർട്ട് ഷോ, സംഗീത പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ടൂറിസം അതോറിറ്റി അറിയിച്ചു.
Cover Image: File Image of New Year Fireworks. Source: Bahrain News Agency.