ബഹ്‌റൈൻ: ഡിസംബർ 25 മുതൽ COVID-19 വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകും; ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ല

Bahrain

കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹമുള്ളവർക്ക്, ഡിസംബർ 25, വെള്ളിയാഴ്ച്ച മുതൽ വാക്സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 23-ന് പുലർച്ചെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷനും, കുത്തിവെപ്പ് നൽകുന്ന നടപടികളും ഏതാനം ദിവസങ്ങളിലായി ബഹ്‌റൈനിൽ നടന്നുവരികയാണ്.

വാക്സിനേഷനിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ https://healthalert.gov.bh/en/category/vaccine എന്ന വിലാസത്തിൽ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം ഈ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവർക്കും ഡിസംബർ 25 മുതൽ വാക്സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്.

ദിനവും രാവിലെ 8.00 മുതൽ വൈകീട്ട് 6.00 വരെയാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. ഇതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും മന്ത്രാലയം ഡിസംബർ 23-ലെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും ഇത്തരത്തിൽ വാക്സിൻ സ്വീകരിക്കാമെന്നും, ഈ സേവനം സൗജന്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വാക്സിനേഷനിൽ പങ്കെടുക്കാൻ നിലവിൽ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവരെ ഡിസംബർ 24-ന് വാക്സിൻ ലഭ്യമാകുന്നതിനുള്ള വിവരങ്ങൾ അറിയിക്കുന്നതിനായി നേരിട്ട് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Cover Photo: @MOH_Bahrain