ബഹ്‌റൈൻ: സെപ്റ്റംബർ 3 മുതൽ ഗ്രീൻ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള COVID-19 അലേർട്ട് ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ ഗ്രീൻ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുന്നതിന് 2021 സെപ്റ്റംബർ 3 മുതൽ അനുമതി നൽകുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 18-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 80 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാകുന്നതു വരെ രാജ്യത്ത് ഗ്രീൻ അലേർട്ട് ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും, പരമാവധി യെലോ അലേർട്ട് ലെവൽ ഇളവുകൾ മാത്രം അനുവദിക്കാനും 2021 ഓഗസ്റ്റ് 1 മുതൽ മന്ത്രാലയം തീരുമാനിച്ചിരുന്നു. നിലവിൽ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 75 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് സെപ്റ്റംബർ 3 മുതൽ സ്ഥിതിഗതികൾ അനുസരിച്ച് ഗ്രീൻ അലേർട്ട് തിരികെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ഈ സംവിധാന പ്രകാരം, COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഗ്രീൻ അലേർട്ട് ലെവലിലാണ്.