സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ. സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും, അവയെ അധാർമികമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്ന അക്കൗണ്ടുകൾ പ്രത്യേകം നിരീക്ഷിച്ച് വരുന്നതായി ജനറൽ ഡിറക്ടറേറ്റ് ഓഫ് ആന്റി കറപ്‌ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിലെ ആന്റി സൈബർ ക്രൈം ഡിറക്ടറേറ്റ് മേധാവി ക്യാപ്റ്റൻ ഹയാത് അഹ്മദ് വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സമൂഹ മാധ്യമ ഉപയോക്താക്കൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ ഉണ്ടാകുമെന്ന് അവർ ബഹ്‌റൈനിലെ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടുകയും ചെയ്തു.