2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണൽ ടാസ്ക്ഫോഴ്സിന്റെ നിർദേശത്തെത്തുടർന്നാണ് ബഹ്റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഡിസംബർ 15-ന് രാത്രിയാണ് ബഹ്റൈൻ അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം 2021 ഡിസംബർ 19 മുതൽ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിബന്ധനകളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:
- 2021 ഡിസംബർ 19 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ നടപടിക്രമങ്ങൾക്ക് പകരമായി യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതാണ്. ഇത്തരം സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനുള്ള QR കോഡ് ഈ രേഖകളിൽ നിർബന്ധമാണ്.
- ഈ നിബന്ധന ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ആറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബാധകമാണ്.
- എല്ലാ യാത്രികർക്കും നിലവിൽ പ്രാബല്യത്തിലുള്ള രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിലും, ബഹ്റൈനിലെത്തിയ ശേഷം അഞ്ചാമത്തേയും, പത്താമത്തേയും ദിനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള PCR ടെസ്റ്റുകൾ തുടരാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
2021 ഡിസംബർ 19 മുതൽ രാജ്യത്ത് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.