ബഹ്‌റൈൻ: COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 17-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1494413776040435712

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ ശ്രമങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ അറിയിപ്പ് പ്രകാരം COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് മുൻകരുതൽ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ഐസൊലേഷൻ ഒഴിവാക്കുന്നതാണ്.

ഈ തീരുമാന പ്രകാരം, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ മാത്രമാണ് PCR ടെസ്റ്റ് നടത്തേണ്ടതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്ക് താഴെ പറയുന്ന രീതിയിലാണ് ടെസ്റ്റ് നടത്തേണ്ടത്:

  • ഇവർ ഒരു COVID-19 റാപിഡ് ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിൽ പോസിറ്റീവ് ആകുന്നവർ ഉടൻ തന്നെ ഏതെങ്കിലും ഡ്രൈവ്-ത്രൂ കേന്ദ്രത്തിലെത്തി ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • അല്ലെങ്കിൽ ഇവർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് നേരിട്ട് PCR ടെസ്റ്റ് നടത്താവുന്നതാണ്.
  • അല്ലെങ്കിൽ BeAware ആപ്പിലൂടെയോ 444 എന്ന നമ്പറിലൂടെയോ PCR ടെസ്റ്റിനായി മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2022 ഫെബ്രുവരി 20 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട്.