തെറ്റായ പാർക്കിംഗ് രീതികൾ ഒഴിവാക്കാൻ പ്രചാരണ പരിപാടികളുമായി ബഹ്‌റൈൻ ട്രാഫിക് വകുപ്പ്

Bahrain

വാഹനങ്ങൾ തെറ്റായ രീതിയിൽ പാർക്ക് ചെയ്യുന്ന ശീലം ഒഴിവാക്കുന്നതിനായി, പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. രാജ്യത്തെ റെസിഡൻഷ്യൽ മേഖലകൾ, ഷോപ്പിംഗ് മാളുകൾ, ചന്തകൾ തുടങ്ങിയ ഇടങ്ങളിൽ തെറ്റായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഡ്രൈവർമാരെ ലക്ഷ്യമിട്ടാണ് ട്രാഫിക് വകുപ്പ് ഈ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പാർക്കിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങൾ, അവയുടെ ലംഘനങ്ങൾ എന്നിവ സംബന്ധിച്ച് ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരം ഒരു പരിപാടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. തെറ്റായ പാർക്കിങ്ങ് ശീലങ്ങൾ മൂലം ഉണ്ടാകുന്ന അപകട സാധ്യതകൾ, അടിയന്തിര സ്വഭാവമുള്ള വാഹനങ്ങളുടെ നീക്കത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾ, കാൽനടക്കാർക്ക് നേരിടുന്ന പ്രശ്നങ്ങൾ, പൊതു ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുതലായ വിഷയങ്ങളിൽ ഡ്രൈവർമാർക്ക് ഈ പ്രചാരണ പരിപാടിയിലൂടെ ട്രാഫിക് വകുപ്പ് ബോധവത്കരണം നൽകുന്നു.

ട്രാഫിക്ക് വകുപ്പിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിക്കുന്ന പരാതികളിൽ ഏതാണ്ട് പകുതിയോളം തെറ്റായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നതുമായി ബന്ധപ്പെട്ടുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ഡ്രൈവർമാരോടും നിയമങ്ങൾ പാലിക്കാനും, സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കാനും, റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും അവകാശങ്ങൾ ബഹുമാനിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നതിനും ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്‌തു.