രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സ് അറിയിച്ചു. 2023 മാർച്ച് 18-ന് രാത്രിയാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈനിലെ നിലവിലെ COVID-19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം. ഈ തീരുമാനം 2023 മാർച്ച് 19 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2023 മാർച്ച് 19 മുതൽ ബഹ്‌റൈനിൽ പ്രാബല്യത്തിൽ വരുന്ന COVID-19 നിബന്ധനകൾ:
- മാർച്ച് 19 മുതൽ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് രോഗബാധ സ്ഥിരീകരിക്കുന്നതിനായി റാപിഡ് ടെസ്റ്റ് പോസിറ്റീവ് റിസൾട്ട് ഉപയോഗിക്കുന്നതാണ്. ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍ പ്രകാരമായിരിക്കും PCR ടെസ്റ്റുകൾ നടത്തുന്നത്.
- വ്യക്തികൾ നിർബന്ധമായും സ്വയം ഐസൊലേഷനിൽ തുടരണമെന്ന വ്യവസ്ഥ ഒഴിവാക്കും. എന്നാൽ രോഗബാധ സ്ഥിരീകരിച്ചവർ അഞ്ച് ദിവസം മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ ഐസൊലേഷനിൽ തുടരുന്നതാണ് അഭികാമ്യമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചുമ, പനി മുതലായ ലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണമെന്നും, വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.