ബഹ്‌റൈൻ: രോഗബാധയേൽക്കാൻ സാധ്യതയുള്ളവരോട് COVID-19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

Bahrain

രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളോട് COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത്തരം ആളുകളുടെയും, പൊതുസമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

https://twitter.com/MOH_Bahrain/status/1373666651409952771

മാർച്ച് 21-ന് രാത്രിയാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലം വൈറസ് ബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളോടാണ് എത്രയും വേഗം വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.

താഴെ പറയുന്ന വിഭാഗങ്ങളോടാണ് വാക്സിനേഷൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്:

  • പ്രായമായവർ.
  • ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ.
  • പ്രമേഹ രോഗികൾ.
  • ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ.
  • ആസ്മ, COPD പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ.
  • സന്ധിവാതമുള്ളവർ.
  • രോഗപ്രതിരോധ ശേഷി കുറഞ്ഞവർ.
  • കിഡ്‌നി സംബന്ധമായ വിട്ടുമാറാത്ത രോഗങ്ങളുള്ളവർ.
  • ക്യാൻസർ രോഗികൾ.
  • പൊണ്ണത്തടിയുള്ളവർ.

രാജ്യത്തെ 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രജിസ്‌ട്രേഷൻ നടപടികൾ കൂടാതെ തന്നെ വാക്സിൻ കുത്തിവെപ്പ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.