ബഹ്‌റൈൻ: ഒത്തുചേരലുകൾ ഒഴിവാക്കാൻ നിർദ്ദേശം; കിൻഡർഗാർട്ടനുകൾ ഒക്ടോബർ 25 വരെ തുറക്കില്ല

GCC News

ഒക്ടോബർ 1 വരെയുള്ള രണ്ടാഴ്ച്ചത്തെ കാലയളവിൽ, സാമൂഹികമായ ഒത്തുചേരലുകൾ നിയന്ത്രിക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചു. ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനം ദിനങ്ങളിലായി പ്രകടമാകുന്ന വർധനവ് കണക്കിലെടുത്താണ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.

ഇത് സംബന്ധിച്ച് നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് കമ്മിറ്റിക്ക് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. രോഗബാധ നിയന്ത്രിക്കുന്നതിനായി ഈ കാലയളവിൽ, അനാവശ്യമായ യാത്രകൾ ഒഴിവാക്കാനും, പൊതു ഇടങ്ങളിലെ മാസ്കുകളുടെ ഉപയോഗം വീഴ്ച്ചകൾ കൂടാതെ നടപ്പിലാക്കാനും, സാമൂഹിക അകലം തുടരാനും പൊതുജനങ്ങളോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റിനു കീഴിലുള്ള നഴ്സറികളും, കിൻഡർഗാർട്ടനുകളും ഒക്ടോബർ 25 വരെ തുറക്കേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നാല് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെയും, അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മന്ത്രാലയം ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

ഇതേ കാരണങ്ങൾ കണക്കിലെടുത്ത്, ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.