രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു. പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ് ചീഫ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് പൊതുജനങ്ങൾക്ക് ഇത്തരം ഒരു നിർദ്ദേശം നൽകിയത്.
ഫെബ്രുവരി 20-ന് രാത്രിയാണ് അദ്ദേഹം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ കർശനമാക്കുന്നതിനും, സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ COVID-19 സാഹചര്യം മറികടക്കുന്നതിനായി രാജ്യത്തെ പൗരന്മാരും, പ്രവാസികളും സർക്കാരുമായി പൂർണ്ണമായി ഒത്ത് ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച്ചകൾ വരുത്തുന്നവർക്കെതിരെ നിയമ നടപടികളുണ്ടാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചു. ഒത്ത് ചേരലുകൾ ഒഴിവാക്കാനും, അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്ത് പോകുന്നത് ഒഴിവാക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 49321 പേർക്കെതിരെ നടപടികൾ എടുത്തതായും അദ്ദേഹം വ്യക്തമാക്കി.
അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത തുടരാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി 21, ഞായറാഴ്ച്ച മുതൽ കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.