14 ദിവസത്തെ ശരാശരി രോഗബാധിതരുടെ എണ്ണം 2 ശതമാനത്തിനു താഴെ തുടരുന്ന സാഹചര്യത്തിൽ മാത്രമായിരിക്കും രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള യെല്ലോ ലെവൽ നിയന്ത്രണങ്ങൾ ഗ്രീൻ ലെവലിലേക്ക് മാറ്റുകയെന്ന് ബഹ്റൈനിലെ നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ജൂലൈ 2 മുതൽ ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്.
രാജ്യത്ത് നിലവിലുള്ള ആകെ രോഗബാധിതരുടെ എണ്ണം, ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, ICU സംവിധാനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ഓരോ ആഴ്ച്ചത്തെയും കളർ കോഡിങ്ങ് നിശ്ചയിക്കുന്നത്. ഇത്തരത്തിൽ താഴെ പറയുന്ന നാല് കളർ ലെവലുകളാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്:
- പച്ച – പതിനാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിന് താഴെയാണെങ്കിൽ.
- മഞ്ഞ – ഏഴ് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിലാണെങ്കിൽ.
- ഓറഞ്ച് – നാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 5 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിലാണെങ്കിൽ.
- ചുവപ്പ് – മൂന്ന് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 8 ശതമാനത്തിനു മുകളിലാണെങ്കിൽ.
നിലവിൽ 2021 ജൂലൈ 2 മുതൽ ബഹ്റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Cover Photo: Bahrain News Agency.