ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തിയതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന വൈദ്യുതിയുടെ തോത് ക്രമാനുസൃതമായി ഉയർത്തുന്ന പരീക്ഷങ്ങളുടെ ഭാഗമായാണ് ബറാഖ ആണവോർജ്ജനിലയം ഈ സുപ്രദാന നാഴികക്കല്ല് പിന്നിട്ടത്.
സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാ എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ബറാഖ ആണവോർജ്ജനിലയം എല്ലാ അന്താരാഷ്ട്ര സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നടത്തുന്ന ഈ പരീക്ഷണങ്ങളുടെ ഭാഗമായി ആണവറിയാക്ടറിന്റെ ഊർജ്ജം പടിപടിയായി ഉയർത്തികൊണ്ട് വരികയും ഓരോ ഘട്ടങ്ങളിലെയും വിവരങ്ങൾ അപഗ്രഥിക്കുകയും, സുരക്ഷാ സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. യു എ ഇയിലെ സ്വതന്ത്ര ന്യൂക്ലിയാർ നിയന്ത്രക സ്ഥാപനമായ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയാർ റെഗുലേഷന്റെ (FANR) മേൽനോട്ടത്തിലാണ് ഈ പരീക്ഷണങ്ങൾ നടത്തുന്നത്.
അടുത്ത ഘട്ടത്തിൽ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 100 ശതമാനത്തിലേക്ക് ഉയർത്തുന്നതാണ്. ഇതിനായുള്ള നടപടികൾ നവാ എനർജിയുടെ ഓപ്പറേഷൻസ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ 2020 ഓഗസ്റ്റ് 1-നാണ് ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 19-ന് ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയിരുന്നു.
നാല് യൂണിറ്റുകളാണ് ബറാഖ ആണവോർജ്ജനിലയത്തിൽ നിർമ്മിക്കുന്നത്. ഇവയെല്ലാം പൂർത്തിയാകുന്നതോടെ 5600 മെഗാവാട്ട് വൈദ്യുതി – യു എ ഇയ്ക്ക് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം – ഉത്പാദിപ്പിക്കുന്നതിനാണ് രാജ്യം ലക്ഷ്യമിടുന്നത്.