മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ മെയ് 19 രാത്രി മുതൽ ബ്ലോക്ക് 13-ലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. മെയ് 17 മുതലാണ് മുസഫയിലെ രണ്ടാം ഘട്ട COVID-19 ശുചീകരണ പരിപാടികൾ ബ്ലോക്ക് 10-ൽ ആരംഭിച്ചത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) നടപ്പിലാക്കുന്ന ഈ പ്രവർത്തനങ്ങളുടെ ഭാഗമായി, ബ്ലോക്ക് 10, 13 എന്നിവയിലെ വിദേശ തൊഴിലാളികളെ സൗജന്യമായി COVID-19 രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി പരിശോധിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഈ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 9 മുതൽ ആരംഭിച്ച ഈ പരിശോധനകളുടെ ആദ്യ ഘട്ടത്തിൽ മുസഫയിലെ 3, 5, 6, 23 എന്നീ ബ്ലോക്കുകളിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ നടത്തിയിരുന്നു.