മെയ് 27 രാത്രി മുതൽ ആരംഭിച്ച മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ബ്ലോക്ക്-20-ലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
മൂന്നാം ഘട്ട COVID-19 ടെസ്റ്റിംഗ് നടപടികളും, ശുചീകരണ പ്രക്രിയകളും ബുധനാഴ്ച്ച മുതൽ ബ്ലോക്ക് 16-ൽ നടപ്പിലാക്കി തുടങ്ങിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ രാത്രി മുതൽ ബ്ലോക്ക് 20-ലെ വിദേശ തൊഴിലാളികളുടെയും സൗജന്യ COVID-19 ടെസ്റ്റിംഗ് നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും വിജയത്തിനായി, അതാത് മേഖലകളിലെ കാമ്പയിൻ അഡ്‌മിനിസ്ട്രേറ്റർമാർ നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കാനും, പൂർണ്ണമായി സഹകരിക്കാനും നിവാസികളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.