റമദാൻ പാചക ഗൈഡിന്റെ നാലാം പതിപ്പുമായി ബ്രാൻഡ് ദുബായ്

UAE

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ നാലാമത്തെ പതിപ്പ് പുറത്തിറക്കി. 30 ദിവസത്തേക്കുള്ള 30 ഒറിജിനൽ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗൈഡ്.

‘പ്രൗഡലി ഫ്രം ദുബായ്’ നെറ്റ്‌വർക്കിൽ പങ്കാളികളായ ദുബായ് ആസ്ഥാനമായുള്ള ഷെഫുകളുമായും റെസ്റ്റോറന്റുകളുമായും കഫേകളുമായും സഹകരിച്ചാണ് ബ്രാൻഡ് ദുബായ് ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ റമദാൻ പാചക ഗൈഡിന്റെ ഇംഗ്ളീഷ് പതിപ്പ് https://branddubai.ae/Ramadan_RECIPE_2023.pdf എന്ന വിലാസത്തിൽ പി ഡി എഫ് (PDF) രൂപത്തിൽ ലഭ്യമാണ്.

ദുബായിലെ 10 ഭക്ഷണശാലകളിൽ നിന്നുള്ളതും, പത്ത് പാചകക്കാർ തയ്യാറാക്കിയതുമായ വിഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുസ്തകത്തിലെ പാചകക്കുറിപ്പുകൾ ഒരുക്കിയിരിക്കുന്നത്. വളരെ ലളിതമായി തയ്യാറാക്കാവുന്ന റമദാൻ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ അടങ്ങിയ ഈ പുസ്തകത്തിന്റെ മറ്റൊരു പതിപ്പ് അവതരിപ്പിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് ബ്രാൻഡ് ദുബായിലെ സിറ്റി ബ്രാൻഡിംഗ് എക്‌സിക്യൂട്ടീവ് ഫാത്മ അൽമുള്ള പറഞ്ഞു.

സ്റ്റാർട്ടർ പ്ലേറ്റുകൾ, സൂപ്പുകൾ, സലാഡുകൾ, പ്രധാന കോഴ്‌സുകൾ, മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, സുഹൂർ ഭക്ഷണം എന്നിവയുൾപ്പെടെ കുടുംബത്തിന് രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള വിശദമായ ഘട്ടം ഘട്ടമായുള്ള പാചകക്കുറിപ്പുകൾ ഈ പുസ്തകത്തിൽ ലഭ്യമാണ്. മെഡിറ്ററേനിയൻ, എമിറാത്തി, അമേരിക്കൻ, ഇറ്റാലിയൻ, മെക്സിക്കൻ, സ്കാൻഡിനേവിയൻ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന പാചകരീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ.

WAM. Cover Image: File Photo from WAM.