ഗ്രാമങ്ങളിലുള്ള വീടുകളിൽ നിന്നും ഒരു ഓട്ടം പോകുവാനായി സാധാരണ ഓട്ടോ വിളിക്കുക ഏറ്റവും അടുത്ത ഒരു സ്റ്റാൻഡിൽ നിന്നും ആയിരിക്കും. ഇന്ന് മിക്കവാറും ഓട്ടോറിക്ഷകൾ ഗ്രാമ പ്രദേശത്തെ സ്റ്റാൻഡിൽ ഉണ്ടാവാൻ സാധ്യത കുറവാണ്, എന്തെന്നാൽ ഭൂരിഭാഗവും ഓട്ടം ഓടുന്നത് തങ്ങൾക്കു മൊബൈൽ വഴി ലഭിക്കുന്ന കോളുകൾ അനുസരിച്ചാണ്. ഇങ്ങിനെ ഉള്ളതിനാൽ കൂടുതൽ പേരും ഓട്ടോ യാത്ര മൊബൈൽ വഴി തന്നെ ആണ് എന്ന് പറയാം.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെ വീട്ടിൽ നിന്നും ഒരു ഓട്ടം പോകണമെങ്കിൽ, നാം മൊബൈൽ വഴി ഒരു ഓട്ടോക്കാരനെ വിളിക്കുന്നു. അയാൾക്ക് ഓട്ടം ഇല്ലെങ്കിൽ അയാൾ വരും, അഥവാ ഓട്ടം ഓടിക്കൊണ്ടിരിക്കുകയാണെങ്കിൽ നമ്മുടെ ഓട്ടോക്കാരൻ വരികയുമില്ല. അപ്പോൾ നാം മൊബൈൽ നോക്കി അടുത്ത ഓട്ടോക്കാരനെ വിളിക്കും. അദ്ദേഹവും ഓട്ടത്തിൽ, അല്ലെങ്കിൽ വിശ്രമത്തിൽ ആണെങ്കിൽ വീണ്ടും നമുക്ക് മറ്റുള്ളവരെ വിളിക്കേണ്ടി വരുന്നു. ഇത് പോലെ പത്തു ഓട്ടോക്കാരെ നാം വിളിക്കുകയാണെകിൽ എന്ത് സംഭവിക്കും? നമ്മുടെ പത്തു കോളിന്റെ സമയം നഷ്ടം എന്നത് മിച്ചം മാത്രം .
ഇനി ഓട്ടോക്കാരന്റെ കാര്യം നോക്കാം. ഇത് പോലെ ഒരു ഓട്ടത്തിന്റെ ഇടയിൽ വ്യത്യസ്തമായ പത്തു പേർ വിളിച്ചാൽ എന്ത് സംഭവിക്കും? ഒന്നുകിൽ അയാൾ ഓരോ കോളിനും വണ്ടി നിർത്തി കാൾ എടുക്കണം, അല്ലെങ്കിൽ ഓട്ടം എപ്പോഴാണോ അവസാനിക്കുന്നത് ആ സമയത്തു തിരിച്ചു വിളിച്ചു നോക്കണം. ഇവിടെ എന്താണ് സംഭവിക്കുന്നത്. ഒറ്റ കോളിൽ അറിയേണ്ട കാര്യങ്ങൾക്ക് വേണ്ടി നാം ഒരു പാട് സമയം നഷ്ടപ്പെടുത്തുന്നു, ഒടുവിൽ ലക്ഷ്യം ഇല്ലാത്ത മാനസിക സംഘർഷവും അനുഭവിക്കേണ്ടി വരുന്നു
ഇത് എങ്ങിനെ ഒഴിവാക്കാം എന്നതാണ് നമ്മുടെ മുൻപിലുള്ള ഒരു പ്രശനം. ഇതിനു ഒരു പ്രശ്ന പരിഹാരം എന്നത് തദ്ദേശീയമായി ഓട്ടോകൾ ഒരു പ്ലാറ്റഫോമിന്റെ കീഴിൽ ഡിജിറ്റൽ ആവുക എന്നതാണ്. ഇത്തരത്തിലുള്ള ഒരു ഡിജിറ്റൽ പ്ലാറ്റഫോം വന്നു കഴിഞ്ഞാൽ മുൻപ് പറഞ്ഞ കോൾ ഓപ്പറേഷൻസ് നൂതന രീതിയിൽ ആയിരിക്കും സംഭവിക്കുക.
അതായത് ഒരു കസ്റ്റമർ യാത്ര ചെയ്യാൻ വേണ്ടി ആദ്യം ഈ ഡിജിറ്റൽ പ്ലാറ്റഫോമിൽ കയറി തങ്ങൾക്കു പുറപ്പെടേണ്ടതും പോകേണ്ടതുമായ സ്ഥലങ്ങൾ സെലക്ട് ചെയ്യുക. അതിനു ശേഷം സെർച്ച് എന്ന് കൊടുത്താൽ ഓട്ടം ഓടാൻ തയാറായി ഇരിക്കുന്ന ഓട്ടോകൾ ദൂര പരിധി അനുസരിച്ചു ലിസ്റ്റ് ചെയ്യപ്പെടും. അതിൽ ഡ്രൈവർ, വണ്ടി നമ്പർ എന്നിവ ഉണ്ടായിരിക്കും. നമുക്ക് ആവശ്യമുള്ള ഡ്രൈവറെ സെലക്ട് ചെയ്യുക, അതിനു ശേഷം ബുക്കിംഗ് കോൾ ചെയ്യുകയോ, അല്ലെങ്കിൽ ബുക്കിംഗ് മെസ്സേജ് ചെയ്യുകയോ ചെയ്യുക. ഈ സമയത്തു ഓട്ടം പോകാൻ തയ്യാറായി നിൽക്കുന്ന ഡ്രൈവർക്ക് ഒരു അലെർട് ലഭിക്കുകയും ചെയ്യും. അപ്പോൾ ഈ ഓട്ടം എടുക്കുകയും ചെയ്താൽ ഒറ്റ കോളിൽ നമുക്ക് നമ്മുടെ ബുക്കിംഗ് അവസാനിപ്പിച്ച് ലക്ഷ്യ സ്ഥാനത്തു എത്തി ചേരാം. മാത്രവുമല്ല നാം പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും ആദ്യമേ തന്നെ പറയുന്നതിനാൽ നമുക്ക് എത്ര കിലോമീറ്റർ യാത്ര ചെയ്തു എന്ന് അറിയാനും സാധിക്കും [ പോകുന്ന സ്ഥലത്തു കാത്തിരിപ്പു വേണമെങ്കിൽ അതിനു ചാർജ് വേറെ കൊടുക്കണം .അത് ഡ്രൈവർ തീരുമാനിക്കുന്നതായിരിക്കും ].
ഇത് എങ്ങിനെ നടപ്പിലാക്കാം?
ഇത് പഞ്ചായത്ത് അടിസ്ഥാനത്തിലോ / ഒരു പഞ്ചായത്തിന്റെ വാർഡ് അടിസ്ഥാനത്തില് ആകാം. പക്ഷെ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കപെടേണ്ടത് എന്ന് വച്ചാൽ ഒരു കസ്റ്റമറും 2 കിലോമീറ്റർ അപ്പുറത്തു നിന്നും ഒരു ഓട്ടോ വിളിച്ചു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുകയില്ല. അതിനാൽ അയാൾ നിൽക്കുന്ന 500 മീറ്റർ പരിധിക്ക് അകത്തു നിന്നായിരിക്കണം ഈ തിരഞ്ഞെടുക്കൽ നടക്കേണ്ടത്. അതിനാൽ പഞ്ചായത്ത് തലത്തിൽ, അല്ലങ്കിൽ ഓരോ ഓട്ടോ സ്റ്റാൻഡിനും ഒരു ഓമന പേരിട്ടു അതിന്റെ അടിസ്ഥാനത്തിൽ ഉള്ള കമ്മ്യൂണിറ്റി പ്ലാറ്റഫോം ആയിരിക്കണം.
അതാത് ഓട്ടോ ഡ്രൈവർ മാരുടെ അസോസിയേഷൻ/ കമ്മ്യൂണിറ്റി ആയിരിക്കണം ഈ പ്ലാറ്റഫോമിന്റെ ഉടമസ്ഥർ. അതിനാൽ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായാൽ അസോസിയേഷൻ വഴി തന്നെ പരിഹാരം കാണാം. സാധാരണക്കാർ തദ്ദേശീയമായി യാത്ര ചെയ്യാനാണ് ഓട്ടോ റിക്ഷകൾ ഉപയോഗിക്കുക. അതിനാൽ ഒരു ലോങ്ങ് ട്രിപ്പ് ബുക്കിംഗ് ലഭിക്കാത്തതിനാൽ ഇതിനു തദ്ദേശീയമായ പേരുകൾ തന്നെ ആയിരിക്കും കൂടുതൽ അഭികാമ്യം .
എന്താണ് ഗുണഫലം?
- ഡ്രൈവർ ഒരു ഓട്ടം എടുത്തിരിക്കുകയാണെങ്കിൽ അയാൾ തിരക്കിലാണ് എന്ന മെസ്സേജ് കസ്റ്റമർ കാണുകയും അതിനാൽ ഒരു അനാവശ്യ ബുക്കിംഗ് ഒഴിവാക്കുകയും ചെയ്യാം . ഇവിടെ ഡ്രൈവറുടെയും കസ്റ്റമറുടെയും സമയം ആണ് ലാഭിക്കുന്നത്.
- ഓട്ടോക്കാർക്ക് ഓട്ടം ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാകുന്നില്ല. എപ്പോൾ അവർ ഓടാൻ റെഡി ആയി, ഗ്രീൻ കളറിൽ നിൽക്കുമ്പോൾ ഓൺലൈൻ ബുക്കിംഗ് വഴി ഓട്ടം കിട്ടുന്നു
- യാത്രയുടെ ദൂരവും പൈസയും കാണിക്കുന്നതിനാൽ വില പേശൽ നടക്കുന്നില്ല, മാത്രവുമല്ല ഓവർ ചാർജ് എന്ന പരിപാടിയും ഇല്ലാതാകുന്നു.
- ഡ്രൈവർക്കു മാർക് ഇടാൻ ഉള്ള സംവിധാനം ഉള്ളതിനാൽ ഡ്രൈവറെ ബുക്ക് ചെയ്യുമ്പോൾ തന്നെ ഒരു വിവര ശേഖരണം യാത്രക്കാരാണ് ലഭിക്കുന്നു.
മറു ചോദ്യം:
ഇത് തന്നെ അല്ലെ കോർപ്പറേറ്റ് ഓൺലൈൻ ടാക്സികൾ നടത്തുന്നതെന്ന് നിങ്ങള്ക്ക് തോന്നാം. ശരിയാണ്, അതേ ബിസിനസ് മോഡൽ. പക്ഷെ എത്ര ഗ്രാമങ്ങളിൽ ഈ കോർപ്പറേറ്റ് ഓൺലൈൻ ടാക്സികൾ നടപ്പാക്കിയിട്ടുണ്ടെന്നു പറയാമോ? ഇവിടെ പ്രാദേശികമായ കോർപ്പറേറ്റ് ബദലുകൾ ആണ് ആവശ്യം.
ഗ്രാമങ്ങളിലെ ഓട്ടോറിക്ഷകൾ ഇപ്പോൾ ഓട്ടം ഇല്ലാതെ വലയുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ഡിജിറ്റൽ പ്ലാറ്റഫോംസ് അവർക്കു എത്രമാത്രം ഗുണകരം ആയിരിക്കും, അല്ലെ? നമുക്ക് നോക്കാം.
P.K. Hari
ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് ഐടി കൺസൾട്ടിംഗ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സേവന ദാതാക്കളായ Emerinter Consultancy Services ന്റെ CEO ആയിട്ടാണ് ലേഖകൻ പ്രവർത്തിക്കുന്നത്.