കുവൈറ്റ്: ഭക്ഷണശാലകളുടെ പ്രവർത്തനം പുനരാരംഭിച്ചു; സുരക്ഷാ മുൻകരുതലുകൾ കർശനം

GCC News

കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച്, ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ, കുവൈറ്റിലെ ഭക്ഷണശാലകളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചു. രാജ്യത്തെ വാണിജ്യ മേഖലയിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് റെസ്റ്ററന്റ്, കഫെ മുതലായ സ്ഥാപനങ്ങളിൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.

രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെകൊണ്ടുവരുന്നതിന്റെ ഭാഗമായി കൂടുതൽ വാണിജ്യ മേഖലകളിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് ഓഗസ്റ്റ് 13-നു ചേർന്ന കാബിനറ്റ് യോഗത്തിനു ശേഷം കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മാസങ്ങൾക്ക് ശേഷം, റെസ്റ്ററന്റ്, കഫെ എന്നിവിടങ്ങളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടും, സമൂഹ അകലം ഉറപ്പാക്കിക്കൊണ്ടും അതിഥികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള അനുവാദം നൽകിയിട്ടുള്ളത്. ഇതുവരെ ഇത്തരം ഭക്ഷണശാലകൾക്ക് പാർസൽ നൽകുന്നതിന് മാത്രമാണ് അനുവാദം നൽകിയിരുന്നത്.

പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സ്ഥാപനങ്ങളിൽ, അവ തുറക്കുന്നതിനു മുൻപായി അധികൃതർ നേരിട്ട് പരിശോധനകൾ നടത്തിയ ശേഷം സുരക്ഷാ നടപടികൾ വിലയിരുത്തിയിരുന്നു. കുവൈറ്റിൽ തുറന്നു പ്രവർത്തിക്കുന്ന റെസ്റ്ററന്റ്, കഫെ എന്നിവിടങ്ങളിൽ പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായി നടപ്പിലാക്കിയിട്ടുള്ള മുൻകരുതലുകൾ:

  • റെസ്റ്ററന്റ്, കഫെ എന്നിവിടങ്ങളിൽ അതിഥികൾക്കുള്ള മേശകൾ തമ്മിൽ 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.
  • ഓരോ മേശകളിലെയും അതിഥികൾ തമ്മിൽ അര മീറ്ററെങ്കിലും അകലം ഉറപ്പാക്കേണ്ടതാണ്.
  • റെസ്റ്ററന്റ്, കഫെ എന്നിവിടങ്ങളിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്. 37.5 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്നവർക്ക് പ്രവേശനം അനുവദിക്കില്ല.
  • വലിയ റെസ്റ്ററന്റുകളിലും, ഹോട്ടലുകളിലെ റെസ്റ്ററന്റുകളിലും അതിഥികൾക്ക് മുൻ‌കൂർ ബുക്കിങ്ങ് ഏർപ്പെടുത്തണം.
  • സമൂഹ അകലം ഉറപ്പിക്കേണ്ടതിന്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളിലെ പരമാവധി ശേഷിയിൽ അൻപത് ശതമാനം വരെ ഒരേ സമയം അനുവദനീയമായ അതിഥികളുടെ എണ്ണത്തിൽ കുറവ് വരുത്തേണ്ടതാണ്.