ഫെബ്രുവരി 28 മുതൽ ഖത്തറിൽ നിന്നുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി കരീം

GCC News

2023 ഫെബ്രുവരി 28, ചൊവ്വാഴ്ച മുതൽ ഖത്തറിൽ നിന്നുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി യാത്രാ സേവനദാതാക്കളായ കരീം അറിയിച്ചു. സ്മാർട്ട് ആപ്പിലൂടെയും, ഉപഭോക്താക്കൾക്കയച്ച ഇമെയിൽ സന്ദേശങ്ങളിലൂടെയുമാണ് കരീം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2023 ഫെബ്രുവരി 28 മുതൽ, ഖത്തറിൽ തങ്ങളുടെ വാഹനങ്ങൾ വാടകയ്ക്ക് ആവശ്യപ്പെടുന്ന സേവനങ്ങൾ നിർത്തലാക്കുകയാണെന്ന് ഈ അറിയിപ്പിൽ കമ്പനി അറിയിച്ചിട്ടുണ്ട്. സേവനങ്ങൾ നിർത്തലാക്കുന്നതിന്റെ കാരണങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് കമ്പനിയിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് റോയ്‌റ്റേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ തങ്ങളുടെ അക്കൗണ്ടുകളിൽ കരീം ക്രെഡിറ്റുകളും, പാക്കേജുകളും ഉള്ള ഉപഭോക്താക്കൾക്ക് 2023 മാർച്ച് 15-നകം ഇവ തിരികെ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2013-ലാണ് കരീം ഖത്തറിൽ തങ്ങളുടെ യാത്രാ സേവനങ്ങൾ ആരംഭിച്ചത്.

Cover Image: Qatar MoI.