ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ മൂലം COVID-19 രോഗബാധ നിയന്ത്രിക്കാനായതായി സൗദി ആരോഗ്യ മന്ത്രാലയം

GCC News

സൗദിയിലെ കൊറോണ വൈറസ് രോഗബാധ നിയന്ത്രിക്കുന്നതിൽ രാജ്യത്തെ സംവിധാനങ്ങളുടെയും, പൊതു സമൂഹത്തിന്റെയും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അൽ അബ്ദ് അൽ അലി വ്യക്തമാക്കി. COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം കുറച്ച് കൊണ്ട് വരുന്നതിലും, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വർധനവിനും ഈ ചിട്ടയായ പ്രവർത്തനങ്ങൾ ഏറെ പ്രയോജനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷം രാജ്യത്തെ പൊതുജീവിതം സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിലും ഈ ജാഗ്രത സഹായകമായതായും അൽ അലി വ്യക്തമാക്കി. “രാജ്യത്ത് നിലവിൽ പ്രകടമാകുന്ന രോഗബാധയിലെ നിയന്ത്രണം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിൽ ജനങ്ങൾ പുലർത്തുന്ന ജാഗ്രത മൂലമാണ്.”, വൈറസ് വ്യാപനം തടയുന്നതിൽ പൊതുസമൂഹം അവലംബിക്കുന്ന മുൻകരുതലുകളെ പ്രശംസിച്ച് കൊണ്ട് അദ്ദേഹം അറിയിച്ചു.

കുട്ടികൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് രോഗലക്ഷങ്ങൾ പ്രകടമാകുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് രോഗബാധ സംബന്ധമായ സംശയനിവാരണത്തിനായി https://covid19awareness.sa എന്ന വെബ്സൈറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.