യു എ ഇ: ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി CBUAE പ്രത്യേക നാണയം പുറത്തിറക്കി

UAE

രാജ്യത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) ഒരു സ്മാരക നാണയം പുറത്തിറക്കി. വെള്ളിയിൽ തീർത്തിട്ടുള്ള ഈ സ്മാരക നാണയത്തിന്റെ മൂല്യം 500 ദിർഹമാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും, പ്രെസിഡൻഷ്യൽ അഫയേഴ്‌സ് മിനിസ്റ്ററും, CBUAE ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവ് പ്രകാരമാണ് ഈ നാണയം പുറത്തിറക്കിയിരിക്കുന്നത്. യു എ ഇയുടെ അമ്പതാം വർഷത്തിന്റെ സ്മരണയിലുള്ള ഈ നാണയത്തിന് 250 ഗ്രാം ഭാരമുണ്ട്.

ഈ നാണയത്തിന്റെ മുൻവശത്ത് യു എ ഇ പ്രെസിഡൻഷ്യൽ പാലസ് ക്വാസർ അൽ വതന്റെ ചിത്രം, 1971 – 2021 എന്നീ വർഷങ്ങൾ, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ‘മിനിസ്ട്രി ഓഫ് പ്രെസിഡൻഷ്യൽ അഫയേഴ്‌സ്’ എന്ന നാമം, യു എ ഇയുടെ ഔദ്യോഗിക ചിഹ്നം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത് യു എ ഇയുടെ അമ്പതാം വർഷത്തിന്റെ ലോഗോ, 500 ദിർഹം മൂല്യം, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ‘സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ’ എന്ന നാമം എന്നിവ മുദ്രണം ചെയ്തിരിക്കുന്നു.

WAM