രാജ്യത്ത് പൊടിക്കാറ്റ് മൂലം കാഴ്ച മറയുന്ന സാഹചര്യം 2022 മെയ് 25, ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിവരെ തുടരാനിടയുണ്ടെന്ന് യു എ ഇ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2022 മെയ് 24-ന് രാത്രിയാണ് യു എ ഇ കാലാവസ്ഥാ കേന്ദ്രം ഈ മുന്നറിയിപ്പ് നൽകിയത്.
ഇത് മൂലം റോഡിൽ കാഴ്ച കുറയുമെന്നും, ഈ സാഹചര്യം വരും ദിനങ്ങളിലും (ഈ ആഴ്ച അവസാനം വരെ) തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ മുതലായ ഇടങ്ങളിലെല്ലാം കാറ്റിനും, അന്തരീക്ഷത്തിൽ പൊടി അനുഭവപ്പെടുന്നതിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
20 മുതൽ 35 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ്, പൊടി, മൂടിക്കെട്ടിയ അന്തരീക്ഷം, ശക്തമായ തിരമാലകൾ തുടങ്ങിയ സാഹചര്യങ്ങൾ വരും ദിനങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ റോഡിൽ അതീവ ജാഗ്രത പുലർത്താൻ ഡ്രൈവർമാരോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, അപകടങ്ങൾ ഒഴിവാക്കുന്നതിനായി, വാഹനങ്ങൾ ഓടിക്കുന്ന വേളയിൽ ഫോൺ, കാമറ എന്നിവ ഉപയോഗിച്ച് കൊണ്ട് ഇത് ചിത്രീകരിക്കുന്നത് ഒഴിവാക്കാനും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.