മസ്‌കറ്റ് ഗവർണറേറ്റിലെ നിവാസികൾക്കായുള്ള കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റംവരുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 21, ഞായറാഴ്ച്ച മുതൽ രാവിലെ 8.30 തൊട്ട് ഉച്ചക്ക് 1 മണിവരെയാണ് (വെള്ളി, ശനി എന്നീ ദിവസങ്ങൾ ഒഴികെ) നിവാസികൾക്ക് ഈ കേന്ദ്രങ്ങളിൽ പരിശോധനകൾക്കായി പ്രവേശനം അനുവദിക്കുന്നത്.
സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ള മസ്‌കറ്റ് ഗവർണറേറ്റിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ:
- മത്ര വിലായത്ത് – ദാർസൈത്തിലെ വിസ മെഡിക്കൽ പരിശോധനാ കേന്ദ്രം.
- സീബ് വിലായത്ത് – സീബിലെ വിസ മെഡിക്കൽ പരിശോധനാ കേന്ദ്രം, റുസൈലിലെ വിസ മെഡിക്കൽ പരിശോധനാ കേന്ദ്രം.
- ബൗഷർ വിലായത്ത് – ഗാലയിലെ ഔട്ട് റീച്ച് ക്ലിനിക്.
ഈ കേന്ദ്രങ്ങളിൽ പരിശോധനകൾക്കായി എത്തുന്ന നിവാസികൾ പാലിക്കേണ്ട നിബന്ധനകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
- പരിശോധനകൾക്കായി എത്തുന്ന എല്ലാ നിവാസികളും കമ്പനിയുടെ പേര്, അല്ലെങ്കിൽ കമ്പനി PRO, സ്പോൺസർ എന്നിവരുടെ പേര് തെളിയിക്കുന്നതിനായി ലേബർ കാർഡ്, റെസിഡന്റ് ഐഡി എന്നിവ കയ്യിൽ കരുതണം.
- ഇത്തരം രേഖകൾ ഇല്ലാവർക്ക്, COVID-19 ടെസ്റ്റിംഗ് നിർബന്ധമായും നടത്തേണ്ട ചില സാഹചര്യങ്ങളിൽ, ഇവരുടെ വ്യക്തിവിവരങ്ങൾ തെളിയിക്കുന്നതിനായി സാധുതയുള്ള മൊബൈൽ ഫോൺ നമ്പർ നിർബന്ധമാണ്.
- രേഖകളോ, സാധുതയുള്ള മൊബൈൽ നമ്പറോ ഇല്ലാത്തവർക്ക് തുടർ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുമെന്നും, ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇത്തരം ആളുകൾക്കായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.