അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികളിൽ നവംബർ 8 മുതൽ മാറ്റങ്ങൾ വരുത്തുന്നു; നാലാം ദിനം PCR ടെസ്റ്റ് നിർബന്ധം

GCC News

എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ നവംബർ 8 മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. നവംബർ 4-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് അബുദാബി മീഡിയ ഓഫീസിലൂടെ പുറത്തു വിട്ടത്.

രോഗബാധയുള്ളവരെ എത്രയും നേരത്തെ കണ്ടെത്തി, വൈറസ് വ്യാപന സാധ്യതകൾ തടയുന്നതിനായാണ് കമ്മിറ്റി എമിറേറ്റിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.

നവംബർ 8 മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള പുതിയ നിർദ്ദേശങ്ങൾ:

  • 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • ഇത്തരത്തിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ നാലോ, അതിൽ കൂടുതൽ ദിവസങ്ങളോ എമിറേറ്റിൽ തുടരുകയാണെങ്കിൽ, അബുദാബിയിലേക്ക് പ്രവേശിച്ച് നാലാം ദിവസം നിർബന്ധമായും PCR പരിശോധന നടത്തേണ്ടതാണ്. അബുദാബിയിലേക്ക് പ്രവേശിച്ച ദിവസം, ഒന്നാം ദിനം എന്ന രീതിയിൽ കണക്കാക്കുന്നതാണ്.
  • ഇത്തരത്തിൽ എമിറേറ്റിലേക്ക് പ്രവേശിച്ചവർ എട്ടോ, അതിൽ കൂടുതൽ ദിവസങ്ങളോ എമിറേറ്റിൽ തുടരുകയാണെങ്കിൽ, അബുദാബിയിലേക്ക് പ്രവേശിച്ച് എട്ടാം ദിവസം നിർബന്ധമായും മറ്റൊരു PCR പരിശോധന കൂടി നടത്തേണ്ടതാണ്. നാലാം ദിവസത്തിൽ നിർബന്ധമായിട്ടുള്ള PCR പരിശോധനയ്ക്ക് പുറമെയാണിത്.

ഉദാഹരണം: ഈ തീരുമാന പ്രകാരം ഒരു ഞായറാഴ്ച്ച അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരനെ സംബന്ധിച്ചിടത്തോളം, ഞായറാഴ്ച്ച ദിനം ഒന്നാം ദിവസവും, ബുധനാഴ്ച്ച നാലാം ദിനവും, അടുത്ത ഞായറാഴ്ച്ച എട്ടാം ദിനവുമായി കണക്കാക്കുന്നതാണ്. നാലോ, അതിൽ കൂടുതൽ ദിനങ്ങളോ ഈ യാത്രികൻ അബുദാബിയിൽ തുടരുകയാണെങ്കിൽ ബുധനാഴ്ച്ച ഇയാൾ PCR പരിശോധന നടത്തേണ്ടതാണ്. ഇയാൾ എട്ടോ, അതിൽ കൂടുതലോ ദിനങ്ങൾ എമിറേറ്റിൽ തുടരുന്ന പക്ഷം, ബുധനാഴ്ച്ച നടത്തിയ PCR ടെസ്റ്റിന് പുറമെ, അടുത്ത ഞായറാഴ്ച്ച വീണ്ടും ഒരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.

പ്രത്യേകം ശ്രദ്ധിക്കുക:

  • അബുദാബിയിലേക്ക് പ്രവേശിച്ച ദിവസം, ഒന്നാം ദിനം എന്ന രീതിയിൽ കണക്കാക്കുന്നതാണ്.
  • എമിറേറ്റിലേക്ക് പ്രവേശിക്കുന്ന യു എ ഇ പൗരന്മാർ, നിവാസികൾ, മടങ്ങിയെത്തുന്ന റസിഡന്റ് വിസകളിലുള്ളവർ എന്നിവരുൾപ്പടെ മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്.
  • എമിറേറ്റിലേക്ക് പ്രവേശിച്ച ശേഷം നാലാം ദിനം, എട്ടാം ദിനം എന്നിവയിൽ നിർബന്ധമാക്കിയിട്ടുള്ള PCR പരിശോധനകളിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ നടപടികൾ നേരിടേണ്ടിവരുന്നതാണ്.
  • COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഇവർക്ക് എമർജൻസി വാഹനങ്ങൾക്കുള്ള നിരയിലൂടെ എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്.
  • നിലവിൽ നിർബന്ധമാക്കിയിട്ടുള്ള ആറാം ദിന PCR ടെസ്റ്റ് നവംബർ 8 മുതൽ ആവശ്യമില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.