ഇതൊരു ഫോട്ടോ സ്റ്റോറിയാണ്..
പകർത്തിയത് കെനിയയിലെ മസായി മാരയിൽ നിന്നും… ചീറ്റകളും കാട്ടുപൂച്ചയും തമ്മിലുള്ള ജീവൻ മരണ പോരാട്ടം …
കാടുകളെയും പക്ഷിസങ്കേതങ്ങളെയും സ്നേഹിച്ച യാത്രകൾ… ഈ യാത്ര ഇന്ത്യക്ക് പുറത്തേക്കാണ്… ആഫ്രിക്ക കാണണമെന്നുള്ള ആഗ്രഹം വളരെയേറെ കാലമായി മനസ്സിൽ നിൽക്കുന്ന ഒന്നായിരുന്നു… പലപ്പോഴും ആലോചനകൾക്കൊടുവിൽ പിന്നീടാകാം എന്ന് കരുതി മാറ്റിവച്ചിരുന്ന ഒരുയാത്ര…
യാത്രകൾ പലപ്പോഴും സംഭവിക്കുന്ന സത്യങ്ങളായിട്ടാണ് തോന്നിയിട്ടുള്ളത്; ഓർക്കാതിരിക്കുമ്പോൾ പെട്ടന്ന് അത് സംഭവിക്കുന്നു… അത് പോലെയാണ് ഈ യാത്രയും. അങ്ങനെ ഞങ്ങൾ മൂന്നു സുഹൃത്തുക്കൾ മസായിമാര യിലെത്തി… താമസം കാട്ടിനകത്തെ ഒരു റിസോർട്ടിൽ… ഗൈഡായി എത്തിയത് മസായികാരനായ എറിക്…
നെയ്‌റോബിയിൽ നിന്നും മസായിമാരായിൽ ഉച്ചക്ക് എത്തുന്നു ..അതിനു ശേഷം എറിക്കിനൊത്തു അദ്ദേഹത്തിന്റെ ലാൻഡ് ക്രൂയ്സറിൽ മസായികളുടെ കാട്ടിലേക്ക്…
“രണ്ടര മണിക്കൂർ കൂടിയുണ്ട് സൂര്യനസ്തമിക്കാൻ”, തലേക്ക് നദിക്കരയിലൂടെ വണ്ടിയോടിച്ചു എറിക് പറഞ്ഞു. ലുക്ക് ഔട്ട് ഏരിയയിലേയ്ക്കായിരുന്നു യാത്ര. എറിക്കിന്റെ ലക്‌ഷ്യം ഇവിടത്തെ ചീറ്റ ഫാമിലിയെയാണ്… നാല് ചീറ്റകളുണ്ട് ആ സംഘത്തിൽ…
എറിക് ന്റെ കണ്ണുകൾ പുൽകാടിനുള്ളിലൂടെ തിരഞ്ഞു കൊണ്ടിരുന്നു. അത്രയും സൂക്ഷ്മതയുണ്ട് അയാളുടെ കണ്ണുകൾക്ക്… ഇതിനിടയിലാണ് പുൽ കാടിനുള്ളിലൂടെ നടന്ന് വരുന്ന സെർവൽ ക്യാറ്റിനെ കാണുന്നത്…

എറിക്കിനറിയാം അവൻറെ വരവ് എങ്ങോട്ടാണെന്ന്… വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ ഒരു നല്ല ഫ്രെയിം ലെൻസിൽ പകർത്തുന്നത് പോലെ തന്നെ പ്രധാനമാണ് സുരക്ഷയും. വണ്ടി നല്ലൊരു ആംഗിളിലേക്കു തിരിച്ചിട്ടു… അവൻ ഒരു കൂസലിലാതെ മുന്നോട്ടു നടന്നു വരുന്നു .. ഞങ്ങളുടെ ക്യാമറകൾ അവന്റെ നടത്തം പകർത്താനായി മത്സരിച്ചു.
അവൻ ഞങ്ങളുടെ വണ്ടിയുടെ അടുത്തു കൂടെ നിർഭയനായി നടന്നു, കാരണം ഇത് അവരുടെ നാടാണ്, നമ്മളാണ് പുറത്തുനിന്നും വന്ന അപരിചിതർ… അവൻ ഇരയെ തേടുകയാണ്.. ഒന്ന് രണ്ടു തവണ അവൻ പുല്ലുകൾക്കുമുകളിലൂടെ ചാടി.. ഞങ്ങളത് പ്രതീക്ഷിച്ചില്ല. അവൻറെ അടുത്ത് ഞങ്ങളിങ്ങനെ കുറച്ചു നേരം നിന്നു..
അവൻ പുല്ലിനുള്ളിൽ മറഞ്ഞു നിൽക്കുന്നു; പെട്ടന്നാണ് എറിക്ക് പറയുന്നത് ക്യാമറ സെറ്റ് ചെയ്തോളു .. ദൂരെ ആ ചെറിയ മൺതിട്ടയിൽ ചീറ്റ ഫാമിലിയുണ്ട്…

അവിടെ നാല് ചീറ്റകൾ നിരന്നിരിക്കുന്നു .. കുറച്ചു കഴിഞ്ഞു ഒരാൾ മൺതിട്ടയിൽ കയറി നിൽക്കുന്നു.. അവൻ വീക്ഷിച്ചു കൊണ്ടിരിക്കുന്നു ..

പെട്ടന്നാണ് മുന്നോട്ടു പാഞ്ഞിറങ്ങി ഓടുന്നത്.. വളരെ ദൂരെയുള്ള സെർവൽ ക്യാറ്റിനെ കണ്ടു കഴിഞ്ഞു .. പിന്നെ നടന്നൊതൊക്കെ സ്വപ്നവേഗത്തിൽ ആയിരുന്നു ..
സെർവൽ കാറ്റിന് പിന്നാലെ ചീറ്റകൾ; മുതിർന്ന ചീറ്റയായിരുന്നു അവനെ ഓടിക്കുന്നതിൽ മുന്നിൽ…

സകല ശക്തിയുമെടുത്ത് അവൻ ഓടി കൊണ്ടിരുന്നു .. മരണ ഭയം കൊണ്ട് പായുന്നവനായാലും അവന്റെ മുഖത്തു ശൗര്യം തിളച്ചിരുന്നു .. ഞങ്ങളും ഒന്ന് അമ്പരന്നു .. ആദ്യമായാണ് ഇത്തരത്തിലുള്ള വേട്ടയാടൽ നേരിട്ട് കാണുന്നത് .. ഇവരുടെ അതിവേഗത്തിലുള്ള ഓട്ടം കാണുന്നിനിടയിൽ പലപ്പോഴും പല നിമിഷങ്ങളും പകർത്താൻ മറന്നു .. വിസ്മയം എന്നെ വേട്ടയാടി കൊണ്ടിരുന്നു..
അങ്ങിനെ ഒടുവിൽ അംബ്രല്ല ട്രീയുടെ താഴെയെത്തി, സെർവൽ ക്യാറ്റ് വളയപ്പെട്ടിരിക്കുന്നു; നാല് ഭാഗത്തും ചീറ്റകൾ .. ഇപ്പോൾ അവന്റെ കഥ കഴിയും എന്ന ചിന്തയിലായിരുന്നു ഞങ്ങൾ എല്ലാവരും പക്ഷെ സംഭവിച്ചത് മറ്റൊന്നാണ് .. പെട്ടന്നാണ് അവൻ ശൗര്യത്തോടെ ചീറിയത് .. ആക്രമിക്കാൻ തയ്യാറായി നിന്ന ചീറ്റ പെട്ടന്ന് പേടിച്ചു .. പിന്നോട്ട് മാറി.. അതൊരു തന്ത്രമായിരുന്നു ..
എല്ലാം കഴിഞ്ഞെന്നു തോന്നിയ നിമിഷത്തിൽ അവസാന ശ്രമം… എന്നാൽ ആ ശൗര്യത്തിനു മുന്നിൽ ചീറ്റപ്പുലികൾ പകച്ചു നിന്ന ആ ചുരുങ്ങിയ നിമിഷങ്ങളിൽ… ആ സമയം കൊണ്ട് അവൻ മരത്തിലേക്ക്ശൗര്യത്തോടെ ഓടി കയറി..

ഒരു കൊമ്പിന്റെ അറ്റത്തു കയറി ഇരുപ്പായി.. അവന്റെ സുരക്ഷതത്വം ഉറപ്പിച്ചു കൊണ്ട് അവൻ വെല്ലുവിളിയോടെ ചീറ്റപ്പുലികളെ നോക്കി…

ഏറെ നേരം ചീറ്റകൾ കാത്തിരുന്നു .. താഴോട്ട് നോക്കി സെർവ്വലും. ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ട് കയറി വാ എന്ന ഭാവത്തിൽ ആ മരക്കൊമ്പിൽ ഇരിപ്പുറപ്പിച്ചു.

ഏതാണ്ട് അര മണിക്കൂറോളം ചീറ്റകൾ അല്പം മാറി കാത്തിരുന്നു പിന്നെ.. പതുക്കെ പിന്മാറി.

ഇനി സെർവൽ അടുത്തൊന്നും ഇറങ്ങി വരില്ല, അല്ലങ്കിൽ പിന്നെ എടുത്തോളാം എന്ന് പറഞ്ഞുകൊണ്ടോ എന്തോ അവർ അവിടെ നിന്നും നടന്നകന്നു. ഇതോടെ സാക്ഷിയായ സൂര്യനും അസ്തമത്തിനായി മടങ്ങി… ആകാശം ചുവന്നു തുടുത്തു എന്നിട്ടും സെർവൽ മരത്തിൽ നിന്ന് താഴോട്ട് ഇറങ്ങിയില്ല .. കൊമ്പിൽ നിന്നു മറ്റൊരു കൊമ്പിലേക്കു മാറിയിരുന്നു…
ഇരുട്ടിയാലേ ഇവൻ ഇറങ്ങാൻ സാധ്യതയുള്ളൂ എന്ന് മനസ്സിലായി… ആദ്യമായിട്ടാണ് സെർവൽ ക്യാറ്റിന്റെ മരത്തിന്റെ മുകളിലെക്കുള്ള ഓട്ടം എറിക്ക് കാണുന്നതത്രെ… ചീറ്റയെ വിറപ്പിച്ച സെർവലിനെ സൂര്യാസ്തമയ ചുവപ്പിൽ തന്നെ ലെൻസിൽ പകർത്താൻ കഴിഞ്ഞു…

അവൻറെ ശൗര്യ സൗന്ദര്യം ശരിക്കും സൂര്യ ശോഭയിൽ തിളങ്ങി… ചീറ്റകൾ കാട്ടു പൂച്ചക്ക് മുന്നിൽ തോറ്റ അനുഭവകഥയുമായി ഞങ്ങൾ മടങ്ങി.. കാടുകൾ ഇങ്ങിനെയാണ് ഒരുപാട് കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ഒരു വിസ്മയം…
ഫൈറ്റ് ടു സർവൈവ് എന്ന ജീവിത പാഠം അവിടെ കണ്ടു ബോധ്യപ്പെടുകയായിരുന്നു… പോരാടുന്നവനെ ജീവിതത്തിൽ നിലനിൽപ്പുള്ളൂ എന്ന പരമമായ സത്യം… കാട്ടിലും കണ്ടറിഞ്ഞു ഞാൻ…

Seema Suresh
സീമ സുരേഷ് - ഒരു ഫ്രീലാൻസ് ജേർണലിസ്റ് എന്നതിനോടൊപ്പം ഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ. പ്രകൃതി സംരക്ഷണവും, വന്യജീവി ഫോട്ടോഗ്രാഫിയും സംബന്ധിച്ച നിരവധി ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുകയും, കാടിന്റെ സ്പന്ദനങ്ങൾ തന്റെതായ സവിശേഷ രീതിയിൽ ഒപ്പിയെടുത്ത് നിരവധി മാസികകളിലൂടെയും പുസ്തകങ്ങളിലൂടെയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സീമ സുരേഷ് 'കാഴ്ച്ചാപഥം' എന്ന ആഴ്ച്ചതോറുമുള്ള പംക്തിയിലൂടെ തന്റെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് കാഴ്ച്ചകൾ പ്രവാസിഡെയിലി വായനക്കാർക്കായി പങ്കുവെക്കുന്നു.