രാജ്യത്തെ പള്ളികൾ നവംബർ 15, ഞായറാഴ്ച്ച മുതൽ വിശ്വാസികൾക്കായി തുറന്ന് കൊടുക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കും, പ്രായമായവർക്കും പള്ളികളിലേക്ക് പ്രവേശനമനുവദിക്കുന്നതല്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു. ഒമാൻ ടി വിയ്ക്ക് നലകിയ അഭിമുഖത്തിൽ MERA അണ്ടർ സെക്രട്ടറി H.E. മുഹമ്മദ് അൽ മാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പള്ളികളിലെത്തുന്ന വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കാനായി തയ്യാറാക്കിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നീ വിഭാഗങ്ങൾക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അൽ മാരി വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, ഇതുൾപ്പടെയുള്ള മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്ന പള്ളികൾ അടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പള്ളികളിലേക്ക് നവംബർ 15 മുതൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കാൻ ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ നവംബർ 10-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി, 400 വിശ്വാസികളെ ഒരേ സമയം ഉൾകൊള്ളാൻ തക്ക വലിപ്പമുള്ള, വിശാലമായ പള്ളികൾ മാത്രമാണ് നവംബർ 15 മുതൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒമാനിൽ ഏതാണ്ട് 3000-ത്തോളം പള്ളികളാണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥന ഒഴികെ, ദിനവുമുള്ള അഞ്ച് പ്രാർത്ഥനകൾക്ക് മാത്രമായാണ് പള്ളികൾ തുറക്കാൻ അനുവദിച്ചിട്ടുള്ളതെന്ന് അൽ മാരി വ്യക്തമാക്കി.