ഒമാൻ: മസ്‌കറ്റ് സിറ്റിയ്ക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ ഒക്ടോബർ 4 മുതൽ പുനരാരംഭിക്കും

GCC News

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ മസ്‌കറ്റ് ഗവർണറേറ്റിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ബസുകൾ ഓരോ ട്രിപ്പുകൾക്ക് മുൻപും, ശേഷവും അണുവിമുക്തമാക്കുന്നതിനും, ശുചിയാക്കുന്നതിനുമായി ടിക്കറ്റ് നിരക്കിൽ സിറ്റി സർവീസുകളിൽ 100 ബൈസ, ഇന്റർസിറ്റി സർവീസുകളിൽ 500 ബൈസ എന്നീ രീതിയിൽ വർധനവ് വരുത്തിയതായും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.

https://twitter.com/mwasalat_om/status/1312292253113737217

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, ഒമാനിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെപ്റ്റംബർ 22, ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ മുവാസലാത്ത് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചിരുന്നു. മസ്‌കറ്റ് ഗവർണറേറ്റിൽ നിന്ന് ജലാൻ ബനി ബു അലി, ബുറൈമി, ഇബ്രി, ദുഖം, യാൻഖുൽ, സുർ, റുസ്താഖ്‌, മാർമുൽ, മസീറ, കസബ്, ഹെമ എന്നീ വിലായത്തുകളിലേക്കാണ് സെപ്റ്റംബർ 27 മുതൽ മുവാസലാത്ത് സർവീസുകൾ പുനരാരംഭിച്ചത്.

ഈ തീരുമാനത്തിന്റെ മൂന്നാം ഘട്ടത്തിൽ ഒക്ടോബർ 18 മുതൽ സലാല സിറ്റിയ്ക്കുള്ളിലെ പൊതു ഗതാഗത സേവനങ്ങൾ ആരംഭിക്കുന്നതാണ്. സുഹറിൽ നിന്നുള്ള പൊതുഗതാഗത സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പിന്നീട് അറിയിക്കുന്നതാണ്. കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കുന്നത്. യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണ്. സമൂഹ അകലം ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.