പ്രമുഖ പൗരാവകാശ പ്രവർത്തകനും അമേരിക്കൻ ജനപ്രതിനിധിയുമായിരുന്ന ജോണ്‍ ലൂയിസ് അന്തരിച്ചു

International News

പൗരാവകാശ പോരാട്ടങ്ങളിലെ എക്കാലവും ജ്വലിക്കുന്ന ഓർമ്മകൾ അവശേഷിപ്പിച്ച് കൊണ്ട്, അമേരിക്കൻ സാമൂഹ്യനീതി രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളും, ഡെമോക്രാറ്റിക് സാമാജികനുമായിരുന്ന ജോണ്‍ ലൂയിസ് വിടവാങ്ങി. 80 വയസ്സായിരുന്നു. ജൂലൈ 17-നായിരുന്നു അന്ത്യം. ഏറെ നാളുകളായി ആഗ്നേയഗ്രന്ഥി സംബന്ധമായ കാൻസറിന്‌ ചികിത്സയിലായിരുന്നു.

ഗാന്ധിയൻ മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന ലൂയിസ്, അമേരിക്കൻ പൗരാവകാശ പോരാട്ടങ്ങളിൽ മാര്‍ട്ടിന്‍ ലൂഥര്‍കിംഗിനോടോപ്പം പ്രവർത്തിച്ചു. 1965-ൽ തുല്യനീതിക്കായി നടത്തിയ സെൽമ-മോണ്ട്ഗോമറി മാർച്ചിൽ നടന്ന പോലീസ് ലാത്തിച്ചാർജ്ജിൽ അതിക്രൂരമായ മർദ്ദനത്തിനിരയായി.

“ജോൺ ലൂയിസ് പൗരാവകാശ പോരാട്ടങ്ങളിലെ അതികായനായിരുന്നു. അദ്ദേഹത്തിന്റെ നന്മ, വിശ്വാസ്യത, ധൈര്യം ഇവ നമ്മുടെ രാജ്യത്തിൻറെ പരിവര്‍ത്തനത്തിൽ വലിയ പങ്ക് വഹിച്ചു. അദ്ദേഹം പൗരാവകാശ പോരാട്ടങ്ങളിലെ ഓരോ നിമിഷങ്ങളിലും വഹിച്ച പങ്ക്, 30 വർഷത്തിലധികമായി അദ്ദേഹം അമേരിക്കൻ പ്രതിനിധിസഭയ്ക്ക് നൽകിയ ധര്‍മ്മധീരമായ നേതൃത്വം എന്നിവയെല്ലാം നമ്മളെ പരിവർത്തനപ്പെടുത്തി.”, അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച് കൊണ്ട് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി ജൂലൈ 18-നു അറിയിച്ചു.