തണുപ്പേറുന്നതോടെ COVID-19 രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

ശൈത്യകാലമാകുന്നതോടെ COVID-19 രോഗവ്യാപനത്തിൽ വർദ്ധന രേഖപ്പെടുത്താനിടയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തണുപ്പേറുന്നതോടെ പൊതുജനങ്ങളോട് ജാഗ്രത പുലർത്താനും, കൂടുതൽ മുൻകരുതലുകൾ കൈക്കൊള്ളാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് പൊതുസമൂഹത്തോട് കൊറോണ വൈറസിനെതിരെ ജാഗരൂകരാകാൻ നിർദ്ദേശിച്ച് കൊണ്ട് ഇക്കാര്യം അറിയിച്ചത്. പൊതുഇടങ്ങളിലും, വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും മറ്റും മതിയായ വായുസഞ്ചാരം ഉറപ്പാക്കണമെന്നും, ഇത്തരം ഇടങ്ങളിലെത്തുന്ന സന്ദർശകർ, ഇത്തരം ഇടങ്ങളിൽ ചെലവിടുന്ന സമയത്തിന്റെ ദൈർഘ്യം പരമാവധി കുറയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതു ഇടങ്ങളിലും മറ്റും മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ സുരക്ഷാ മുൻകരുതലുകളിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചകളും പാടില്ലെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം സുരക്ഷാ മുൻകരുതൽ നടപടികൾ രോഗവ്യാപനം തടഞ്ഞു നിർത്തുന്നതിൽ സഹായകരമാണെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്ന സൗദി പൊതു സമൂഹം, വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തെ പിടിച്ച് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകാതെ തടയുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി ജനങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു. ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന് വിദൂര സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Photo: Saudi Press Agency.