ഒമാനിലെ യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ, വാണിജ്യ മേഖലയിൽ അനുവാദം നൽകിയിട്ടുള്ള പ്രവർത്തനങ്ങൾക്ക്, അവയുടെ സാധാരണ പ്രവർത്തന സമയക്രമങ്ങളിലേക്ക് മടങ്ങാമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 17, തിങ്കളാഴ്ചയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഈ തീരുമാനം അറിയിച്ചത്.
“സുപ്രീം കമ്മിറ്റിയുടെ മുൻ നിർദ്ദേശങ്ങളനുസരിച്ച്, രാജ്യത്ത് പ്രവർത്തനാനുമതി നൽകിയിട്ടുള്ള എല്ലാ വാണിജ്യ മേഖലകൾക്കും അവയുടെ സാധാരണ പ്രവർത്തന സമയക്രമങ്ങളിലേക്ക് മടങ്ങാൻ അനുവാദം നൽകുന്നു.”, മുൻസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതലാണ് ഒമാനിലെ യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചത്.
എന്നാൽ സുപ്രീം കമ്മിറ്റി പ്രവർത്തനാനുമതി നൽകിയിട്ടില്ലാത്ത വാണിജ്യ പ്രവർത്തങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും. ഇതിനു പുറമെ, മത്ര സൂഖിന്റെ പരിസരപ്രദേശങ്ങളിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയിട്ടില്ല. വാണിജ്യ മേഖലകളിലുടനീളം ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.