രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം, ഇത്തരം സ്ഥാപനങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനത്തിൽ നിയന്ത്രിക്കാനുള്ള തീരുമാനം തുടരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി. ഒമാനിലെ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതിന് പുറമെ, രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ഒമാൻ സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- രാജ്യത്തെ എല്ലാ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലുമെത്തുന്ന സന്ദർശകരുടെ എണ്ണം 50 ശതമാനമാക്കി നിയന്ത്രിക്കേണ്ടതാണ്.
- ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി നിയന്ത്രിക്കേണ്ടതാണ്.
- ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന മുഴുവൻ പേരും മാസ്കുകളുടെ ഉപയോഗം, മറ്റ് സുരക്ഷാ മുൻകരുതൽ നടപടികൾ എന്നിവ ശരിയായ രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും, നിയമലംഘനങ്ങൾ വരുത്തുന്നവർക്കെതിരെയുള്ള നിയമ നടപടികൾ ഒഴിവാക്കുന്നതിനും ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സ്ഥാപനങ്ങളോട് മന്ത്രാലയം പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി COVID-19 മുൻകരുതൽ നിബന്ധനകൾ കർശനമായി പാലിക്കാൻ രാജ്യത്തെ മുഴുവൻ ഹോട്ടലുകൾക്കും, ടൂറിസം സ്ഥാപനങ്ങൾക്കും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡിസംബർ 22-ന് നിർദ്ദേശം നൽകിയിരുന്നു.