രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളോടുള്ള പ്രതിബദ്ധത സാമൂഹിക ഉത്തരവാദിത്വ ബോധത്തിന്റെ പ്രതിഫലനമാണെന്ന് ബഹ്‌റൈൻ പൊതു സുരക്ഷാ ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ അബ്ദുല്ല സയ്ദ് ജനങ്ങളെ ഓർമ്മപ്പെടുത്തി. ബഹ്‌റൈനിലെ COVID-19 മുൻകരുതൽ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഒക്ടോബർ 1-നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രോഗവ്യാപനം തടയുന്നതിനായി രാജ്യത്തെ ഓരോ നിവാസിയും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വിട്ടുവീഴ്ചകൂടാതെ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതു ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമാക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കിയത് മുതൽ, ഇതുവരെ ഇതുമായി ബന്ധപ്പെട്ട 26234 നിയമലംഘനങ്ങൾ റെജിസ്റ്റർ ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുഇടങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യാപാരശാലകൾ, തൊഴിലിടങ്ങൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാകുന്നതിനായുള്ള പരിശോധനകൾ രാജ്യത്തുടനീളം തുടരുന്നതായും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും ബോധവത്‌കരണം നൽകുന്നതിനുള്ള 3041 പ്രചാരണ പരിപാടികൾ ഇതുവരെ നടപ്പിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
മാസ്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്, നോർത്തേൺ ഗവർണറേറ്റിലെ പോലീസ് അധികൃതർ 6137 നിയമലംഘനങ്ങളും, ക്യാപിറ്റൽ ഗവർണറേറ്റിൽ 4489 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായി അദ്ദേഹം അറിയിച്ചു. മുഹറഖ് ഗവർണറേറ്റിൽ മാസ്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട 6698 നിയമലംഘനങ്ങളും, സൗത്തേൺ ഗവർണറേറ്റിൽ 3619 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനറൽ സെക്യൂരിറ്റി ഓപ്പറേഷൻസ് ഡിപ്പാർട്മെന്റ് 5194 നിയമലംഘനങ്ങളും, പോർട്ട് സെക്യൂരിറ്റി 97 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 24 മുതൽ ബഹ്‌റൈനിലെ മാസ്കുകളുമായി ബന്ധപ്പെട്ട പിഴ തുകകൾ 20 ദിനാറാക്കി ഉയർത്താൻ തീരുമാനിച്ചതായി നേരത്തെ ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു.