സൗദി: റിയാദിൽ രാത്രികാലങ്ങളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചു

GCC News

റിയാദിൽ രാത്രികാലങ്ങളിലുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. റിയാദ് പട്ടണവാസികളുടെ സ്വൈര ജീവിതത്തിന് തടസമുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം, റിയാദിൽ വൈകീട്ട് മുതൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ, കെട്ടിടങ്ങൾ, മറ്റു നിർമ്മിതികൾ എന്നിവ പൊളിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ദിനവും മഗ്‌രിബ് നമസ്കാരത്തിനുള്ള ബാങ്ക് നൽകുന്ന സമയം മുതൽ പിറ്റേന്ന് രാവിലെ 7 മണിവരെയാണ് ഈ നിരോധനം ബാധകമാക്കുന്നത്.

ഈ തീരുമാനം ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്നും റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.