മാർച്ച് 22, ഞായറാഴ്ച്ച മുതൽ രണ്ടാഴ്ചത്തേക്ക് യു എ ഇയിലെ പ്രമുഖമായ പൊതു ഇടങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഈ കാലയളവിൽ യു എ ഇയിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി യു എ ഇയിലെ എല്ലാ പൊതു, സ്വകാര്യ ബീച്ചുകളും, പാർക്കുകളും, നീന്തൽ കുളങ്ങളും, സിനിമാ ഹാളുകളും, ഫിറ്റ്നസ് കേന്ദ്രങ്ങളും താത്കാലികമായി അടച്ചിടുന്നതായിരിക്കും. ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.
ഇതേ കാലയളവിൽ യു എ ഇയിലെ റസ്റ്റോറന്റുകൾ, കഫേകൾ, മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിലെല്ലാം ഹോം ഡെലിവറി സേവനങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ നടപടികൾക്കും അണുനശീകരണ നടപടികൾക്കും വിധേയമായി മാത്രമേ അനുവദിക്കൂ.
ഭക്ഷണശാലകളിലെ മേശകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം. നിലവിലെ സീറ്റുകളുടെ എണ്ണത്തിൽ 20% മാത്രമേ ഉപയോഗിക്കാവൂ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലേറ്റുകൾ ഗ്ലാസുകൾ എന്നിവയിൽ വേണം ഭക്ഷണസാധനങ്ങൾ നൽകേണ്ടത്. തീവ്രമായ ആരോഗ്യ സുരക്ഷാ നടപടികളും, ശുചിത്വവും ഉറപ്പാക്കുകയും വേണം.
വാണിജ്യ കേന്ദ്രങ്ങളിലെ പണമടക്കുന്നതിനുള്ള വരികളിൽ ആളുകൾ തമ്മിൽ 1.5 മീറ്റർ അകലം പാലിക്കുന്നുണ്ട് എന്ന ഉറപ്പാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ഈ നിർദ്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഈ വിവരമടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കാനും നിർദ്ദേശമുണ്ട്.
ഈ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ NCEMA ഓരോ ഇടങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളോടും അധികാരികളോടും ജനങ്ങളുടെ ഇടയിൽ ബോധവത്കരണം ഊർജ്ജിതമാക്കാനും, പരിശോധനകൾ കർശനമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.