COVID-19 – യു എ ഇ പൗരന്മാരോട് ഇറ്റലിയിലേക്കുള്ള യാത്രകൾ നീട്ടിവെക്കാൻ നിർദ്ദേശം നൽകി

GCC News

കൊറോണാ ബാധയുടെ സാഹചര്യത്തിൽ യു എ ഇ പൗരന്മാർക്ക് ഇറ്റലിയിലേക്കുള്ള യാത്രകൾ താത്ക്കാലികമായി നീട്ടിവെക്കാൻ ഇറ്റലിയിലെ യു എ ഇ എംബസ്സി നിർദ്ദേശം നൽകി. പല രാജ്യങ്ങളിലേക്കും COVID-19 പടരുന്ന സാഹചര്യത്തിൽ യു എ ഇ പൗരന്മാർ അവരുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി, ഇറ്റലിയിലേക്കുള്ള യാത്രകൾ നീട്ടിവെക്കാൻ അറിയിച്ച് കൊണ്ട് റോമിലെ യു എ ഇ എംബസ്സിയാണ് തങ്ങളുടെ ട്വിറ്ററിലൂടെ നിർദ്ദേശം നൽകിയത്.

അടിയന്തിരസാഹചര്യങ്ങളിൽ യു എ ഇ പൗരന്മാർക്ക് 00390636306100 (റോമിലെ യു എ ഇ എംബസ്സി), 00393356584064 (മിലാനിലെ കോൺസുലേറ്റ്), 0097180044444 (വിദേശകാര്യവകുപ്പിന്റെ കാൾസെന്റർ) എന്നീ നമ്പറുകളിൽ ബന്ധപെടാം.

ചൈനയ്ക്ക് പുറത്ത് സൗത്ത് കൊറിയ കഴിഞ്ഞാൽ ഇറ്റലിയിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊറോണാ വൈറസ് ബാധകൾ നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 12 മരണവും 370 -ൽ അധികം രോഗ ബാധകളും ഇതുവരെ ഇറ്റലിയിൽ നിന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറ്റലിയുടെ വടക്കൻ പ്രദേശങ്ങളായ ലൊംബാർദിയിൽ നിന്നും വെനെറ്റോവിൽ നിന്നുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയിട്ടുള്ളത്.