രാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. ഇ-വിസകൾ ഉൾപ്പടെ ചൈനയിലേക്കും, ഇറാനിലേക്കും ഉള്ള വിസകളെല്ലാം നിലവിൽ താത്ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരുന്നതായും ആവശ്യമെങ്കിൽ മറ്റു രാജ്യങ്ങളിലേക്കും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ അറിയിച്ചു. ചൈന, ഇറാൻ, ദക്ഷിണ കൊറിയ, സിങ്കപ്പൂർ, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഡൽഹിയിലും, തെലങ്കാനയിയിലും ഓരോ കൊറോണാ വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ 21 എയർ പോർട്ടുകളിലും, 12 പ്രധാന തുറമുഖങ്ങളിലും, 65 ചെറു തുറമുഖങ്ങളിലും ആരോഗ്യ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കും. നിലവിൽ 5, 57,431 പേരെ വിമാനത്താവളങ്ങളിലും, 12,431 പേരെ തുറമുഖങ്ങളിലും സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്നും, മറ്റു രാജ്യങ്ങളിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.
പരിഭ്രാന്തി വേണ്ടെന്നും, രോഗലക്ഷണങ്ങൾ എന്തെങ്കിലും കാണുന്ന സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടാനും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ +91-11-23978046 എന്ന നമ്പറിൽ ആരോഗ്യമന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണ്.