യു എ ഇയിൽ 14 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിൽ രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 59 ആയി. ഇതുവരെ 7 പേർ രോഗത്തിൽ നിന്ന് പൂർണമായും മുക്തിനേടിയിട്ടുണ്ട്.
നാല് യു എ ഇ പൗരന്മാർക്കും, ഇറ്റലിയിൽ നിന്നുള്ള 3 പേർക്കും, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർക്കും, റഷ്യ, ഇന്ത്യ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മുൻപ് രോഗബാധ കണ്ടെത്തിയവരുമായി സമ്പർക്കം പുലർത്തിയവരെ തുടർച്ചയായി നിരീക്ഷിച്ചും പരിശോധനകൾക്ക് വിധേയരാക്കിയുമാണ് ഇവരെ കണ്ടെത്തിയത് എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
ചൈനയിൽ രോഗബാധ കണ്ടെത്തിയത് മുതൽ യു എ ഇയിലെ ആരോഗ്യരംഗം ലോകനിലവാരത്തിലുള്ള ആരോഗ്യ സുരക്ഷാ നടപടികളാണ് കൈക്കൊള്ളുന്നത് എന്നും രോഗബാധ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതികളാണ് നിലവിലുള്ളതെന്നും മന്ത്രാലയം ജനങ്ങളെ അറിയിച്ചു. തെർമൽ സ്കാനറുകളുൾപ്പടെ രാജ്യത്തിന്റെ പ്രവേശനകവാടങ്ങളിലെല്ലാം രോഗം കണ്ടെത്താനും പടരുന്നത് തടയാനുമുള്ള ആവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ രോഗ പ്രതിരോധത്തിന് ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം എന്നും പ്രസ്താവനയിൽ പറയുന്നു.
Update:
കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 5 പേർ കൂടി പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 12 ആയി. 2 യു എ ഇ പൗരന്മാരും, 2 എത്യോപ്യയിൽ നിന്നുള്ള 2 പേരും, തായ്‌ലന്റിൽ നിന്നുള്ള ഒരാളുമാണ് ആരോഗ്യം വീണ്ടെടുത്തിട്ടുള്ളത്.