COVID-19: യു എ ഇയിൽ 15 പേർക്ക് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തു; രണ്ട് പേർ ആരോഗ്യം വീണ്ടെടുത്തു

GCC News

യു എ ഇയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 പേർക്ക് പുതിയതായി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചു. ഇതോടെ രാജ്യത്തെ കൊറോണാ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 2 പേർ പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്തതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ചികിത്സയിലിരുന്ന രണ്ട് ചൈനീസ് വംശജരാണ് നിലവിൽ രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ യു എ ഇയിൽ COVID-19 ബാധിച്ച് സുഖപ്പെട്ടവരുടെ എണ്ണം 7 ആയി.

രാജ്യത്ത് നിലവിലുള്ള കൊറോണാ രോഗബാധ മുൻകൂട്ടി കണ്ടെത്തുന്നതിനായുള്ള സംവിധാനങ്ങൾ വഴിയാണ് ഇപ്പോൾ 13 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. യു എ ഇയിൽ നിന്നുള്ള 3 പേർക്കും, സൗദി അറേബ്യ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർക്ക് വീതവും, തായ്‌ലന്റ്, ചൈന, മൊറോക്കോ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുമുള്ള ഓരോ ആളുകൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാം രാജ്യത്തിന് പുറത്ത് നിന്ന് യാത്രചെയ്ത് എത്തിയവരാണ്.

ഇവർക്ക് പുറമെ യു എ ഇ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർക്ക് നിലവിൽ രോഗബാധയുള്ളവരുമായി സമ്പർക്കപെട്ടവരെ നിരീക്ഷിക്കുന്ന സൂക്ഷ്മപരിശോധനാ സംവിധാനം വഴിയാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ഇവർ 2 പേരും യു എ ഇ ടൂർ 2020-യുമായി ബന്ധപ്പെട്ടിരുന്നവരാണെന്നാണ് സൂചനകൾ. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്. രോഗബാധയുള്ളവരുമായി ഇടപഴകിയിരുന്ന 5 പേരെ കൂടി നിലവിൽ സൂക്ഷമപരിശോധനാ നടപടികളുടെ ഭാഗമായി നിരീക്ഷിച്ച് വരുന്നുണ്ട്.