ഏപ്രിൽ 20, തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 1122 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിതോടെ രാജ്യത്തെ ആകെ COVID-19 ബാധിതരുടെ എണ്ണം 10484 ആയി. ഇതിൽ ഭൂരിഭാഗം പേരും വിദേശികളാണ്.
നിലവിൽ COVID-19 രോഗബാധ കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ എണ്ണത്തിലും, പരിശോധനാ മാർഗങ്ങളിലും വന്നിട്ടുള്ള വലിയ മാറ്റങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലെ വലിയ വർദ്ധനവിന് കാരണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. സൗദിയിൽ രോഗബാധ കണ്ടെത്തിയ ഇടങ്ങളിൽ വ്യാപകമായി ആരോഗ്യ പരിശോധനകൾ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച്ച സ്ഥിരീകരിച്ച 1122 COVID-19 കേസുകളിൽ 874 രോഗബാധിതരെ ഇത്തരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ആരോഗ്യ മന്ത്രാലയം നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് കണ്ടെത്തിയതെന്ന് ഡോ. റാബിയ ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച്ച സൗദിയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 6 മരണങ്ങളിൽ അഞ്ചുപേർ മക്കയിലും ഒരാൾ ജിദ്ദയിൽ നിന്നുമാണ്.
റമദാനിൽ അതീവ ജാഗ്രത തുടരണം
റമദാനിലെ നോമ്പ് തുടങ്ങാനിരിക്കുന്ന വേളയിൽ സൗദിയിലെ ജനങ്ങളോട് കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള എല്ലാ പ്രതിരോധ നിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ ഡോ. റാബിയ ആഹ്വാനം ചെയ്തു. റമദാനിൽ പൊതു ചടങ്ങുകളും ഒത്തുചേരലുകളും എല്ലാം സാധാരണയാണെങ്കിലും, ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ സമൂഹ അകലം പാലിക്കുന്നതിനായിരിക്കണം ഏറ്റവും പ്രാധാന്യമെന്നും, വൈറസ് നിയന്ത്രിക്കുന്നതിൽ രാജ്യത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മപെടുത്തി.
കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റമദാനിലെ തറാവീഹ് നമസ്കാരം വീടുകളിൽ വെച്ച് നടത്താൻ ജനങ്ങൾക്ക് സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി, ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ അൽ-ഷെയ്ഖ് കഴിഞ്ഞ വെള്ളിയാഴ്ച്ച നിർദ്ദേശം നൽകിയിരുന്നു.