കൊറോണ വൈറസ് പ്രതിസന്ധി മൂലം ഒമാനിലെ ടൂറിസം മേഖലയിൽ 1.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി

Oman

COVID-19 മഹാമാരി ഉയർത്തിയ പ്രതിസന്ധി ഒമാനിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചതായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി മെയ്ത അൽ മഹ്‌റൂഖി വ്യക്തമാക്കി. സെപ്റ്റംബർ 2020 വരെയുള്ള കാലയളവിൽ കൊറോണ വൈറസ് വ്യാപനം മൂലം ഒമാനിലെ ടൂറിസം മേഖലയിൽ ഏതാണ്ട് 1.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയതായി അവർ കൂട്ടിച്ചേർത്തു.

“ഏതാണ്ട് അര ബില്യൺ ഒമാൻ റിയാലിന്റെ നഷ്ടമാണ് ഒമാനിലെ ടൂറിസം രംഗത്ത് രേഖപ്പെടുത്തിയത്. ഇതിൽ ടൂറിസം മേഖലയിൽ നേരിട്ട് സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആഘാതം ഉൾപ്പെടുന്നു.”, സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിൽ അവർ വ്യക്തമാക്കി. 103 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് എൻട്രി പെർമിറ്റ് കൂടാതെ ഒമാനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

വിസ വരുമാനം, പ്രാദേശിക വിപണികളിൽ വിനോദ സഞ്ചാരികൾ ചെലവഴിക്കുന്ന ധനം, ടൂറിസം മേഖലയിൽ നിന്നുള്ള നികുതി, ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന് ലഭിക്കേണ്ട വരുമാനം, ഉല്ലാസ നൗകകളിൽ നിന്നുള്ള വരുമാനം, പ്രദർശനങ്ങളിൽ നിന്നും മറ്റുമുള്ള വരുമാനം തുടങ്ങി ഈ കാലയളവിൽ ടൂറിസം രംഗത്തെ സമസ്ത മേഖലകളിലും കനത്ത നഷ്ടം രേഖപ്പെടുത്തിയെന്ന് അവർ അറിയിച്ചു. ഈ പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടതായി മെയ്ത അറിയിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള വിസകൾ പുനരാരംഭിക്കുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ ഈ മേഖലയെ പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.