സൗദി: COVID-19 മഹാമാരിയുടെ വ്യാപനം രാജ്യത്ത് അവസാന ഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് COVID-19 മഹാമാരി അവസാന ഘട്ടത്തിലെത്തിയതായി സൗദി ആരോഗ്യ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അലി വ്യക്തമാക്കി. 2022 മാർച്ച് 6-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

https://twitter.com/spokesman_moh/status/1500505588496797696

സൗദിയിലെ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവാദിത്വ ബോധം, മുൻകരുതൽ നടപടികളോടുള്ള പ്രതിബദ്ധത എന്നിവ ഇതിന് കാരണമായതായും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ബഹുഭൂരിപക്ഷം പേരിലേക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ എത്തിക്കാനായതും ഇതിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ രോഗവ്യാപനം തീർത്തും കുറഞ്ഞ സാഹചര്യത്തിൽ മന്ത്രാലയത്തിന്റെ ആഴ്ചതോറുമുള്ള പ്രത്യേക COVID-19 പത്രസമ്മേളനങ്ങൾ നിർത്തലാക്കിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇതുവരെ ഇത്തരത്തിൽ 225 പത്രസമ്മേളനങ്ങൾ നടത്തിയതായും, തുടർന്ന് ഇത്തരം പത്രസമ്മേളനങ്ങൾ ആവശ്യമാകുന്ന സാഹചര്യത്തിൽ അവ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ഇനി മുതൽ https://covid19.moh.gov.sa/ എന്ന വെബ്സൈറ്റിലൂടെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളിൽ ഉൾപ്പെടുത്തുന്നതിന് മുൻഗണന നിശ്ചയിച്ച വിഭാഗങ്ങളിൽ ഏതാണ്ട് 99 ശതമാനം പേരിലേക്കും വാക്സിൻ എത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ സൗദിയിൽ 61 ദശലക്ഷം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.