അജ്‌മാൻ: സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിലെത്തുന്നവർക്ക് COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം

UAE

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അജ്മാനിലെ സ്പീഡ് വാഹന പരിശോധനാ കേന്ദ്രത്തിലെ കസ്റ്റമർ ഹാപ്പിനസ് വിഭാഗത്തിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. ഈ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR റിസൾട്ടാണ് സന്ദർശകർ ഹാജരാക്കേണ്ടത്.

ഫെബ്രുവരി 13, ശനിയാഴ്ച്ച മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതാണ്. അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പുതിയ COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽപ്പെടുന്നതാണ് ഈ നിർദ്ദേശം.

വാക്സിൻ സ്വീകരിച്ചിട്ടുള്ള സന്ദർശകർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്. കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി സന്ദർശകർ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച രേഖ, അല്ലെങ്കിൽ COVID-19 PCR നെഗറ്റീവ് റിസൾട്ട് എന്നിവയിലേതെങ്കിലും ഒന്ന് സുരക്ഷാ ജീവനക്കാർക്ക് നൽകേണ്ടതാണ്.

COVID-19 വ്യാപനം തടയുന്നതിനായി, വിവിധ എമിറേറ്റുകളിലെ സർക്കാർ വകുപ്പുകൾ ഓഫീസുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കുന്നത് തുടരുകയാണ്. നേരത്തെ ഷാർജ പോലീസ്, ദുബായ് പോലീസ്, റാസ് അൽ ഖൈമ ഇക്കണോമിക് ഡിപ്പാർട്മെന്റ് മുതലായവരും തങ്ങളുടെ വിവിധ ഓഫീസുകളിലെത്തുന്നവർക്ക് പ്രവേശനാനുമതിക്കായി PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയിരുന്നു.