എമിറേറ്റിലെ പോലീസ് ഓഫീസുകളിലെത്തുന്ന മുഴുവൻ സന്ദർശകർക്കും COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2021 ഫെബ്രുവരി 17-ന് രാത്രിയാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനം ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ COVID-19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തുന്ന ഏതാനം മുൻകരുതൽ നടപടികളുടെ ഭാഗമായാണ് റാസ് അൽ ഖൈമ പോലീസ് ജനറൽ കമാൻഡ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
റാസ് അൽ ഖൈമ പോലീസ് കമാൻഡിന്റെ പ്രധാന കെട്ടിടത്തിലേക്കും, എമിറേറ്റിലെ റാസ് അൽ ഖൈമ പോലീസിന്റെ മറ്റു ഓഫീസുകളിലേക്കും പ്രവേശിക്കുന്നതിന് ഈ തീരുമാനത്തോടെ COVID-19 PCR നിർബന്ധമാകുന്നതാണ്. റാസ് അൽ ഖൈമ പോലീസ് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിലും ഈ തീരുമാനം ബാധകമാണ്.
ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ടാണ് പ്രവേശനാനുമതിയ്ക്കായി സന്ദർശകർ ഹാജരാക്കേണ്ടത്. നേരത്തെ ഷാർജ പോലീസും സമാനമായ ഒരു തീരുമാനം നടപ്പിലാക്കിയിരുന്നു.