ബഹ്‌റൈനിൽ രോഗമുക്തി നിരക്ക് 92.6 ശതമാനമായതായി ആരോഗ്യ മന്ത്രാലയം

GCC News

ബഹ്‌റൈനിലെ കൊറോണ വൈറസ് ബാധിച്ചവരിലെ രോഗമുക്തി നിരക്ക് 92.6 ശതമാനമായതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനിയ അറിയിച്ചു. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ ഓഗസ്റ്റ് 14-ലെ പത്രസമ്മേളനത്തിലാണ് അൽ മനിയ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ COVID-19 രോഗബാധിതരിലെ നിലവിലെ മരണ നിരക്ക് 0.4 ശതമാനമാണെന്നും, രോഗമുക്തി നിരക്ക് 92.6 ശതമാനമായതായി ഉയർന്നതായും അദ്ദേഹം അറിയിച്ചു. ബഹ്‌റൈനിൽ ഇതുവരെ 954192 പേരിലാണ് COVID-19 ടെസ്റ്റുകൾ നടത്തിയത്. നിലവിൽ 3415 പേരാണ് രോഗബാധിതരായുള്ളതെന്നും, 42469 പേർ ഇതുവരെ രോഗമുക്തി നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് രോഗബാധയെ ചെറുക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തിൽ സംസാരിച്ചു. ഇതിനായി, യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ബഹ്‌റൈനിലും ആരംഭിച്ചതായി അൽ മനിയ വ്യക്തമാക്കി. ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരിൽ നിന്നും, നിവാസികളിൽ നിന്നും കർശനമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കുന്ന 18 വയസിനു മുകളിൽ പ്രായമുള്ള 6000 സന്നദ്ധസേവകർക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.