കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകാതെ തടയുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തി. സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
ആഗോളതലത്തിൽ കാണപ്പെടുന്ന ഈ രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് രൂക്ഷമാകാതിരിക്കുന്നതിന് മന്ത്രാലയം നിതാന്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ COVID-19 സാഹചര്യം മന്ത്രാലയം തുടർച്ചയായി വിശകലനം ചെയ്തു വരുന്നതായി ഡോ. അൽ അലി അറിയിച്ചു. ഈ ഘട്ടത്തിൽ, വൈറസ് വ്യാപനം ഗുരുതരമാകാതിരിക്കുന്നതിന് സമൂഹമൊട്ടാകെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും നടപ്പിലാക്കുന്ന നിരീക്ഷണ പരിപാടികൾ തുടരുമെന്നും, പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ സുരക്ഷാ മുൻകരുതലുകളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുന്നതായും അദ്ദേഹം അറിയിച്ചു.