അൽ ദഫ്‌റയിലെ അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

UAE

അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ, അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 23-നു രാത്രി അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനം, കഴിഞ്ഞ ഏതാനം ദിവസങ്ങളായി അൽ ദഫ്‌റയിലെ ഇൻഡസ്ട്രിയൽ ഏരിയകളിൽ നടപ്പിലാക്കി വരികയാണ്.

അൽ ദഫ്‌റയിലെ വിവിധ വ്യവസായ മേഖലകളിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. ഈ മേഖലകളിലെ നിവാസികളോട്, പരിശോധനാ നടപടികളുമായി പൂർണ്ണമായി സഹകരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.