അബുദാബി: ജനസാന്ദ്രതയേറിയ ഇടങ്ങളിലെ COVID-19 പരിശോധനകൾ പുരോഗമിക്കുന്നു

GCC News

അബുദാബിയിലെ COVID-19 വ്യാപനം പ്രതിരോധിക്കുന്നതിനായി, എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന സൗജന്യ COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി അബുദാബി ഹെൽത്ത് ഡിപാർട്മെന്റ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ കൊറോണ വൈറസ് പരിശോധനകൾ അബുദാബിയിലെ ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിൽ നടപ്പിലാക്കിവരികയാണ്.

അബുദാബിയിലെ വിവിധ നഗരങ്ങളിലെ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെട്ടിട സമുച്ചയങ്ങളിൽ ഈ പരിശോധനകൾ നടത്തിവരികയാണ്. അബുദാബി പോർട്സിനു കീഴിലുള്ള നാഷണൽ സ്‌ക്രീനിങ്ങ് സെന്റററിൽ നിന്നു ഇത്തരത്തിലുള്ള COVID-19 പരിശോധനകളുടെ വീഡിയോ ദൃശ്യങ്ങൾ അബുദാബി മീഡിയാ ഓഫീസ് പങ്ക് വെച്ചു.

നാല് ഘട്ടങ്ങളിലായാണ് ഈ പരിശോധനകൾ ഓരോ ഇടങ്ങളിലും നടത്തുന്നത്. ഓരോ ഇടങ്ങളിൽ നിന്നുള്ള നിവാസികളെ പരിശോധനാ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം, അവരെ ആദ്യം ആരോഗ്യ പരിശോധനകൾക്കു വിധേയരാക്കുന്നു. ആരോഗ്യ നിർണ്ണയത്തിനു ശേഷം ഇവരെ നാഷണൽ സ്‌ക്രീനിങ്ങിൽ രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ലേസർ മുഖേനെ COVID-19 ടെസ്റ്റിംഗിന് വിധേയരാകുകയും, PCR ടെസ്റ്റിംഗിന് ആവശ്യമായ സ്രവം എടുക്കുകയും ചെയ്യുന്നു. ഏകദേശം 20 മിനിറ്റ് വീതമാണ് ഓരോരുത്തർക്കും പരിശോധനകൾക്കായി വേണ്ടി വരുന്നത്. ഈ കേന്ദ്രത്തിൽ ദിനവും 2000-ത്തിൽ പരം ആളുകളെ പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അബുദാബിയിലെ ഏറ്റവും കൂടുതൽ പേർക്കിടയിലേക്ക് COVID-19 പരിശോധനകൾ എത്തിക്കുന്നത് ലക്‌ഷ്യം വച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ജൂൺ 2 മുതൽ എമിറേറ്റിൽ ആരംഭിച്ചിരുന്നു. ഇതിനായി അബുദാബിയിലുടനീളം, റെസിഡൻഷ്യൽ മേഖലകൾ ഉൾപ്പടെ, തീവ്രമായ COVID-19 പരിശോധനകൾ നടപ്പിലാക്കിവരികയാണ്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ ജനങ്ങൾ തമ്മിൽ ഇടപഴകുന്നത് നിയന്ത്രിക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായി എമിറേറ്റിൽ ജൂൺ 2 മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.