അൽ ദഫ്‌റ വ്യവസായിക മേഖലയിലെ COVID-19 പരിശോധനകൾ പൂർത്തിയായതായി അബുദാബി DoH

UAE

അൽ ദഫ്‌റയിലെ വിവിധ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 29-നു രാത്രി അറിയിച്ചു. നാഷണൽ സ്ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി, DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കിയ ഈ പ്രവർത്തനങ്ങൾ, അൽ ദഫ്‌റയിലെ വിവിധ വ്യവസായ മേഖലകളിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുകയും, അതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ളതായിരുന്നു.

https://twitter.com/admediaoffice/status/1277626522728165377

അൽ ദഫ്‌റയിലെ, മദീനത്ത് സയ്ദ്, അൽ സിലാ, ഘായതി, അൽ മിർഫ, ലിവയിലെ അൽ ജെഫെൻ, അൽ യാബന, മുതലായ വിവിധ വ്യവസായ മേഖലകളിൽ ജൂൺ 17 മുതൽ ഈ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായതായും, ഈ മേഖലയിലെ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് വ്യാപനം പൂർണ്ണമായും തടയുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമായതായും DOH വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ഏതാണ്ട് 66000 പേർക്കാണ് സൗജന്യ ആരോഗ്യ പരിശോധനകളും, COVID-19 പരിശോധനകളും നൽകിയത്. ഈ മേഖലയിലെ ഏതാണ്ട് 701 കെട്ടിടങ്ങൾ ഈ പ്രവർത്തനങ്ങളുടെ ഭാഗമായി അണുവിമുക്തമാക്കിയതായും, 50-ൽ പരം റെസിഡൻഷ്യൽ സമുച്ഛയങ്ങൾ പരിശോധിച്ച് ശുചീകരിച്ചതായും DoH വ്യക്തമാക്കി.

ഇത് കൂടാതെ ഈ മേഖലയിലെ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് ബോധവത്കരണത്തിനായി വിവിധ ഭാഷകളിലുള്ള പരിശീലന ക്‌ളാസുകളും DOH നൽകുകയുണ്ടായി. ഏതാണ്ട് 300,000 മാസ്‌കുകളും, 8.53 ലക്ഷം ഭക്ഷണപ്പൊതികളും ഈ പരിശോധനകളുടെ ഭാഗമായി മേഖലയിൽ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു.